ബെംഗളൂരു: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍ നടപടികള്‍ സ്‌റ്റേ ചെയ്‌ത് കർണാടക ഹൈക്കോടതി.
2023 മെയില്‍ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യധാരാ പത്രങ്ങളില്‍ അപകീർത്തികരമായ പരസ്യം നല്‍കിയതിന് ബിജെപി സംസ്ഥാന ഘടകം നല്‍കിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ഇതിലാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
നാലാം പ്രതിയായി തന്നെ ചേർത്ത മാനനഷ്‌ടക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്‌ത് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജിയില്‍ ജനുവരി 17ന് ജസ്‌റ്റിസ് എം നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2019-23 ഭരണകാലത്ത് ബിജെപി സർക്കാർ വൻ അഴിമതി നടത്തിയെന്ന് ആരോപിച്ചായിരുന്നു വിവാദ പരസ്യം പോലീസ് നല്‍കിയത്.
2023 ജൂണില്‍ ഒന്നിലധികം സമൻസുകളില്‍ പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടതോടെ എംപിമാർക്കും എംഎല്‍എമാർക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന കോടതിയുടെ നിർദ്ദേശപ്രകാരം രാഹുല്‍ ഗാന്ധി പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
തുടർന്ന് കഴിഞ്ഞ ഡിസംബറില്‍ മാനനഷ്‌ടക്കേസിന്റെ വിചാരണ വേളയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് പ്രത്യേക കോടതി ഉപാധികളോടെ അദ്ദേഹത്തിന് സ്ഥിരമായ ഇളവ് നല്‍കിയിരുന്നു.
പ്രതിയെന്ന നിലയില്‍ തന്റെ വ്യക്തിത്വത്തില്‍ തർക്കമില്ലെന്നും അദ്ദേഹത്തിന്റെ അഭാവത്തില്‍ അഭിഭാഷകർ ഹാജരാകണമെന്നും എല്ലാ വ്യവഹാര തീയതികളിലും അദ്ദേഹത്തിനു വേണ്ടി ഹാജരാകണമെന്നും, തെളിവെടുപ്പില്‍ എതിർപ്പില്ലെന്ന് ഉറപ്പുനല്‍കണമെന്നും പ്രത്യേക കോടതി ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു.
മാത്രമല്ല കോടതി എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന ഭാരിച്ച ഉത്തരവാദിത്തം കൈകാര്യം ചെയ്യുന്നതും കോണ്‍ഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവ് എന്ന കണക്കിലെടുത്താണ് കോടതി രാഹുല്‍ ഗാന്ധിക്ക് ഹാജരാകുന്നതില്‍ ഇളവ് നല്‍കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.