ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (BMRCL) ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. ഇന്ത്യാ ഗവൺമെന്റിന്റെയും കർണാടക സർക്കാരിന്റെയും സംയുക്ത സംരംഭമായ നമ്മ മെട്രോ, കരാർ/അസൈൻമെന്റ് അടിസ്ഥാനത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒരൊഴിവ്; സർവീസിലുള്ളവർക്കും വിരമിച്ചവർക്കും അപേക്ഷിക്കാം
മെട്രോ റെയിൽ കോർപ്പറേഷന്റെ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻ സേഫ്റ്റി) തസ്തികയിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഈ വകുപ്പിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ തസ്തികയിലേക്ക് നിലവിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്നവർക്കും അതല്ലെങ്കിൽ വിരമിച്ചതുമായ യോഗ്യതയും പരിചയസമ്പന്നതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധവും അവസാന തീയതിയും
ഉദ്യോഗാർത്ഥികൾ ഓൺലൈൻ, ഓഫ്‌ലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ഉദ്യോഗാർത്ഥികൾ അതിന്റെ പ്രിന്റൗട്ട് എടുത്ത്, ഒപ്പിട്ട ഫിസിക്കൽ അപേക്ഷ (ഹാർഡ് കോപ്പി) ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സഹിതം BMRCL ഓഫീസിൽ എത്തിക്കണം. ഹാർഡ് കോപ്പികൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13 വൈകുന്നേരം 4:00 മണി വരെയായിരിക്കും. ഓൺലൈൻ അപേക്ഷ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട ഫോമും രേഖകളും നിശ്ചിത സമയത്തിനുള്ളിൽ ഓഫീസിൽ ലഭിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ഈ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പള സ്കെയിൽ, അപേക്ഷാ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയാൻ ഉദ്യോഗാർത്ഥികൾ നമ്മ മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bmrc.co.in ലെ ‘Career’ സെക്ഷൻ സന്ദർശിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
