ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാള് കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഒടുവിൽ വിവർത്തനം നിർത്താൻ ആവശ്യപ്പെട്ട മോദി, താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവർത്തകനെ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം.
നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതലപ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തർജമ ചെയ്യുന്നത് അക്ഷമനായ മോദി കേട്ടു നിന്നു.
എന്റെ പ്രസംഗം ആളുകൾക്ക് മനസ്സിലാകുന്നുണ്ടെന്നും അതിനോടവർ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് വിവർത്തനം ആവശ്യമില്ലാത്തതിനാൽ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാം എന്നും പറഞ്ഞു അദ്ദേഹത്തോട് സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് സദസ്സിനെ അഭിമുഖീകരിച്ച് “നിങ്ങളാണ് എന്റെ യജമാനൻ. നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യും” എന്ന് പറഞ്ഞ് ഹിന്ദിയിൽ സംസാരിക്കാൻ സദസ്സിന്റെ അനുവാദം തേടി. “കന്നഡികരുടെ സ്നേഹം ഇതാണ്. ഭാഷ ഒരു തടസ്സമല്ല. ഈ സ്നേഹം ഞാൻ മറക്കില്ല” എന്നും മോദി പുകഴ്ത്തി. ഹിന്ദി മാതൃഭാഷയായ ആളല്ല താനെന്നും ഹിന്ദിയിൽ സംസാരിക്കുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.