ബെംഗളുരു: സിപിഐ എം സ്ഥാനാര്‍ഥിയെ ആക്രമിച്ച് ഒരു കൂട്ടം ഗുണ്ടകൾ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ.അനില്‍ കുമാറിനെയാണ് ഒരു കൂട്ടം ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായി ഇരുപതോളം പേരാണ് രാത്രിയില്‍ അനില്‍ കുമാറിന്റെ വസതിയിലെത്തിയത്. സംഘം വീടിനുള്ളില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പിന്നിലുള്ള യഥാര്‍ഥ ശക്തികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ ബാഗേപ്പള്ളി പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തി.
ബാഗേപ്പള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥി അനില്‍ കുമാറിന് ഏറെ ജനപിന്തുണയുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതില്‍ വെറി പൂണ്ട ഒരു കൂട്ടം ആളുകൾ ആണ് ഇത്തരമൊരു അക്രമണശ്രമത്തിനു പിന്നില്‍’- സിപിഐ എം ചിക്കബല്ലപുര ജില്ലാ സെക്രട്ടറി മുനിവെങ്കടപ്പ പറഞ്ഞു. മുന്‍പും ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അക്രമത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അനില്‍ കുമാറിന് സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും മുനിവെങ്കടപ്പ ആവശ്യപ്പെട്ടു.
സിപിഐ എം ശക്തികേന്ദ്രം
മൂന്നുതവണ സിപിഐ എം ബാഗേപ്പള്ളിയില്‍ വിജയിച്ചിട്ടുണ്ട്. 1983ല്‍ എ വി അപ്പാസ്വാമി റെഡ്ഡിയും 1994ലും 2004ലും ജി വി ശ്രീരാമ റെഡ്ഡിയുമാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ എസ് എന്‍ സുബ്ബ റെഡ്ഡി 14,013 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിന്റെ ജി വി ശ്രീരാമ റെഡ്ഡിയെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 38,302 വോട്ട് നേടി. ബിജെപിക്ക് കിട്ടിയത് അയ്യായിരത്തോളം വോട്ട് മാത്രം. നിലവിലെ നിയമയസഭാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിന് വിജയം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.