ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് സർക്കാരിന് കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശം. കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് സമിതി ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
നിലവിൽ രണ്ട് ഡെൽറ്റപ്ലസ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും മതിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചാൽ ജില്ലാതലത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാനതല കോവിഡ് വാർറൂമിലേക്ക് കൈമാറണമെന്നും സമിതി നിർദേശിച്ചു.
ജനങ്ങൾ കൂടുതലായി പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചകളുണ്ടാവുകയും ചെയ്താൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചുതുടങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണിപ്പോൾ.
പൊതുസ്ഥലങ്ങളിലും മറ്റ് പ്രദേശങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂടുന്നതായി ഇതിനോടകം പരാതികൾ ലഭിച്ചു തുടങ്ങി. മഹാരാഷ്ട്രയിൽ ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചതോടെ അൺലോക്ക് പ്രക്രിയയുടെ വേഗത സർക്കാർ കുറച്ചതായും സമിതി ചൂണ്ടിക്കാട്ടുന്നു. ഇതേ മാതൃകയിൽ സംസ്ഥാനത്തും ഇളവുകൾ നൽകുന്നതിൽ കരുതൽവേണമെന്നാണ് നിർദ്ദേശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.