‘ഉത്തരവ് കാട്ടൂ’; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

ബെംഗളൂരു: നിർദിഷ്ട ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി സർവേയ്‌ക്കെതിരെ ബിഡാദിയിലെ മണ്ഡലഹള്ളി ഗ്രാമത്തിൽ കർഷകരുടെ വൻ പ്രതിഷേധം. തിങ്കളാഴ്ച ഗ്രാമത്തിലെത്തിയ സർക്കാർ സർവേ സംഘത്തെയും അവരുടെ വാഹനങ്ങളെയും നൂറുകണക്കിന് കർഷകർ തടഞ്ഞു. ഭൂമി സർവേയുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ഡെപ്യൂട്ടി കമ്മീഷണറുടെ (ഡി.സി) രേഖാമൂലമുള്ള അനുമതി പത്രം കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ ചൂൽ വീശുകയും വാഹനങ്ങളിൽ അടിക്കുകയും ചെയ്തു.

“അനുമതി പത്രം ഞങ്ങളെ കാണിക്കൂ, ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് എവിടെ?” എന്ന് ഉദ്യോഗസ്ഥരുടെ വാഹനം വളഞ്ഞ് പ്രതിഷേധക്കാർ ആവർത്തിച്ച് വിളിച്ചുപറയുന്നുണ്ടായിരുന്നു. കർഷക പ്രസ്ഥാനത്തിന്റെ അടയാളമായ പച്ച ഷാൾ ധരിച്ച വനിതാ കർഷകരാണ് പ്രതിഷേധത്തിന് മുൻപന്തിയിലുണ്ടായിരുന്നത്. ബൈരമംഗല, കാഞ്ചുഗാരനഹള്ളി ഗ്രാമപഞ്ചായത്ത് പരിധികളിലെ ഗ്രാമങ്ങളിൽ വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

നിർദിഷ്ട ബിഡാദി ടൗൺഷിപ്പ് പദ്ധതിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ യോഗം വിളിക്കുമെന്ന് എം.എൽ.എ എച്ച്.സി. ബാലകൃഷ്ണ കർഷക നേതാക്കൾക്ക് ഉറപ്പുനൽകി രണ്ട് ദിവസം തികയുന്നതിന് മുൻപാണ് ഈ പ്രതിഷേധം ഉണ്ടായിരിക്കുന്നത്. വാഗ്ദാനം ചെയ്ത യോഗം ചേരുന്നതിന് മുൻപ് തന്നെ വൻ പോലീസ് കാവലിൽ സർവേ ഉദ്യോഗസ്ഥരെ അയച്ചതിലൂടെ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി.

ഡെപ്യൂട്ടി കമ്മീഷണറുടെ കൃത്യമായ രേഖാമൂലമുള്ള അനുമതിയില്ലാതെ സർവേ നടത്താൻ അനുവദിക്കില്ലെന്ന് കർഷകർ നിലപാട് എടുത്തതോടെ മണിക്കൂറുകളോളം ഇവിടെ അനിശ്ചിതാവസ്ഥ തുടർന്നു. പ്രതിഷേധക്കാർ വാഹനങ്ങൾ വളഞ്ഞ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ, പോലീസ് ഉദ്യോഗസ്ഥർക്ക് ചുറ്റും സുരക്ഷാവലയം തീർക്കേണ്ടി വന്നു.

സർക്കാരിന്റെ ഈ നീക്കം കർഷക സമൂഹത്തോടുള്ള ‘വഞ്ചന’യാണെന്ന് കർണാടക പ്രാന്ത റൈത സംഘം (KPRS) സംസ്ഥാന ജനറൽ സെക്രട്ടറി യശവന്ത ടി. വിശേഷിപ്പിച്ചു. ഏതൊരു തീരുമാനവും എടുക്കുന്നതിന് മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് സർക്കാർ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നതാണെന്നും, എന്നാൽ അതിന് വിപരീതമായി സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താൻ വൻ പോലീസ് സന്നാഹത്തോടെ സർവേ ഉദ്യോഗസ്ഥരെ അയച്ചത് വിശ്വാസവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ഉടൻ തന്നെ സർവേ നടപടികളും പോലീസിനെയും പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വാഗ്ദാനം ചെയ്ത യോഗം വിളിച്ചുചേർക്കണമെന്നും, ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി സംരക്ഷിക്കാൻ പോരാടുന്ന കർഷകരുടെ പരാതികൾ കേൾക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവേയുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭം ശക്തമാക്കുമെന്നും നിർദിഷ്ട പദ്ധതിയെ എതിർക്കുന്ന കർഷകർക്ക് പിന്തുണയുമായി കർണാടകയിലുടനീളമുള്ള കർഷകരെ അണിനിരത്തുമെന്നും കെ.പി.ആർ.എസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിനിടെ കെമ്പഷെട്ടിദൊഡ്ഡി ഗ്രാമത്തിലെ കൃഷ്ണപ്പ എന്ന കർഷകനെ പോലീസ് മർദ്ദിച്ചതായും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും യശവന്ത ആരോപിച്ചു.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts