‘ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ’; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് കൃത്യമായ ചില്ലറ നൽകിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) കണ്ടക്ടർക്ക് സസ്‌പെൻഷൻ. മാസ്ക് ധരിച്ച് വേഷംമാറി ബസിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനോടാണ് കണ്ടക്ടർ മോശമായി പെരുമാറിയത്. കഴിഞ്ഞ ശനിയാഴ്ച ഹെബ്ബാളിൽ നിന്ന് ഭൂപസാന്ദ്രയിലേക്ക് യാത്ര ചെയ്യവേയായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ച മന്ത്രിയോട് ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടറും ഡ്രൈവറുമായ രാമകൃഷ്ണ ടി.ജി ക്രൂരമായും മര്യാദകേടായും പെരുമാറുകയായിരുന്നു.

ചില്ലറ തരാനില്ലെന്നും ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മെജസ്റ്റിക്-നാഗഷെട്ടിഹള്ളി റൂട്ടിലോടുന്ന ബസിൽ വേഷംമാറിയെത്തിയത് മന്ത്രിയാണെന്ന് ജീവനക്കാർ തിരിച്ചറിഞ്ഞത്. തുടർന്ന് കണ്ടക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും അച്ചടക്ക നടപടികൾക്കുമായി ജൂലൈ 13 മുതൽ ഇയാളെ സസ്‌പെൻഡ് ചെയ്തതായി ബി.എം.ടി.സി അറിയിച്ചു.

2024 മുതൽ ബി.എം.ടി.സി ബസുകളിൽ യു.പി.ഐ (UPI) വഴി പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. കോർപ്പറേഷന്റെ ആകെ വരുമാനത്തിന്റെ 53 ശതമാനവും ഡിജിറ്റൽ ഇടപാടുകളിലൂടെയാണ് ലഭിക്കുന്നത്. എന്നാൽ, ഈ സൗകര്യത്തെക്കുറിച്ച് യാത്രക്കാരനായ മന്ത്രിയോട് വിശദീകരിക്കാൻ കണ്ടക്ടർ തയ്യാറായില്ലെന്നും ഇയാളുടെ പെരുമാറ്റം കോർപ്പറേഷന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചതായും ബി.എം.ടി.സി വ്യക്തമാക്കി.

മന്ത്രിയുടെ പരിശോധനയ്ക്കിടെ മറ്റൊരു ബസ് ജയമഹൽ റോഡിലെ ‘ഫൺ വേൾഡിന്’ സമീപം യാത്രക്കാരൻ കൈകാണിച്ചിട്ടും നിർത്താതെ പോയതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രസ്തുത ബസിലെ ഡ്രൈവർ മുഷ്താഖ്, കണ്ടക്ടർ ദയാനന്ദ് എന്നിവരെയും സസ്‌പെൻഡ് ചെയ്തു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ജൂലൈ 13 മുതൽ ഈ സ്റ്റോപ്പിൽ ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാരോട് മര്യാദയോടെ പെരുമാറണമെന്നും ചില്ലറയുടെ പേരിൽ യാത്രക്കാരെ വഴിയിലിറക്കി വിടരുതെന്നും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കർശന നിർദ്ദേശം നൽകിയതായും കോർപ്പറേഷൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts