ബെംഗളൂരു അതിർത്തിയിൽ ‘ആണവ ധാതു’; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ചാമരാജനഗർ: വികസന രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന അതിർത്തി ജില്ലയായ ചാമരാജനഗറിന് വൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപൂർവ്വ ധാതുക്കളുടെയും സ്വർണ്ണത്തിന്റെയും വൻ നിക്ഷേപം കണ്ടെത്തി. ഗുണ്ട്ലുപേട്ട് താലൂക്കിൽ ആണവോർജ്ജ ഉൽപ്പാദനത്തിന് അത്യാവശ്യമായ തോറിയം ശേഖരവും ഹനൂർ താലൂക്കിൽ സ്വർണ്ണ നിക്ഷേപവുമാണ് കണ്ടെത്തിയത്. ഇതിൽ തോറിയം ഖനനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ ലേല നടപടികൾ ഇതിനകം തന്നെ ആരംഭിച്ചതായാണ് വിവരം. രണ്ട് പ്രധാന ധാതുനിക്ഷേപങ്ങൾ ഒരേസമയം കണ്ടെത്തിയത് ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ.

ഗുണ്ട്ലുപേട്ട് താലൂക്കിലെ കൂത്തനൂർ, ഗുണ്ട്ലുപേട്ട് ടൗണിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ‘മോണോസൈറ്റ്’ എന്ന അപൂർവ്വ ധാതുവിന്റെ നിക്ഷേപമാണ് കണ്ടെത്തിയതെന്ന് ചാമരാജനഗറിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് സീനിയർ ജിയോളജിസ്റ്റ് രാജേഷ് സ്ഥിരീകരിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ വിശദമായ പരിശോധനയിൽ 720 ഏക്കറോളം സ്ഥലത്താണ് ഈ ധാതുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 20 ഏക്കറോളം വരുന്ന പ്രദേശം ഉയർന്ന അളവിൽ അയിര് അടങ്ങിയ പ്രധാന കേന്ദ്രമായി (കോർ ഏരിയ) വേർതിരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ വ്യവസ്ഥാപിതമായ പര്യവേക്ഷണത്തിലാണ് ഗുണ്ട്ലുപേട്ടിലെ ഈ അപൂർവ്വ നിക്ഷേപം ശ്രദ്ധയിൽ പെട്ടത്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

തോറിയത്തിന്റെ ആകെ വ്യാപ്തി എത്രയെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സർക്കാർ നടത്തുന്ന ലേല നടപടികൾ പൂർത്തിയാകുന്നതോടെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇവിടെ ഖനനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ, ഹനൂർ താലൂക്കിലെ രാമപുര, അജ്ജിപുര പ്രദേശങ്ങളിൽ സ്വർണ്ണ നിക്ഷേപത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പ്രാഥമിക സർവേയും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഈ സർവേ റിപ്പോർട്ട് ലഭിച്ച ശേഷം ഇവിടെ രണ്ടാം ഘട്ട പരിശോധനകൾ ആരംഭിക്കുമെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

ആണവോർജ്ജ ഉൽപ്പാദനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഇപ്പോൾ കണ്ടെത്തിയ മോണോസൈറ്റ് ശേഖരം. ചുവപ്പ് കലർന്ന തവിട്ട് നിറത്തിൽ കാണപ്പെടുന്ന ഈ ധാതു വളരെ വിലയേറിയതും ഇന്ത്യയിൽ അപൂർവ്വമായി മാത്രം ലഭ്യമാകുന്നതുമായ ഒന്നാണ്. പ്രകൃതിദത്തമായ ഈ വിഭവത്തിൽ നിന്നാണ് ആണവോർജ്ജ ഉൽപ്പാദനത്തിനാവശ്യമായ ‘തോറിയം’, ‘യുറേനിയം’ എന്നിവ വേർതിരിച്ചെടുക്കുന്നത്.

നൂതന ആണവ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം വെൽഡിംഗ് ഇലക്ട്രോഡുകളിൽ ടങ്സ്റ്റണുമായി ചേർത്ത് അലോയ് രൂപത്തിലും ഇത് ഉപയോഗിക്കാം. ജെറ്റ് എഞ്ചിനുകളിലെ എയ്‌റോസ്‌പേസ് അലോയ്കളിലും ആക്സിലറേറ്ററുകളിലും ഈ തോറിയം പ്രധാന ഘടകമാണ്. രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ വികസനത്തിനും സൈനിക-പ്രതിരോധ സംവിധാനങ്ങളുടെ ആധുനികവൽക്കരണത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ് ചാമരാജനഗറിലെ ഈ പുതിയ ധാതു നിക്ഷേപം.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts