ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ബെംഗളൂരു: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) ബസുകളിൽ യു.പി.ഐ (UPI) വഴി ടിക്കറ്റ് നിരക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിൽ (ETM) തെളിയുന്ന ഡയനാമിക് ക്യു.ആർ (QR) കോഡുകൾ മാത്രം ഉപയോഗിച്ച് പണമടയ്ക്കണമെന്ന് കോർപ്പറേഷൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ചലോ (Chalo) കമ്പനി ലഭ്യമാക്കിയ പുതിയ തലമുറയിൽപ്പെട്ട ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളാണ് ഇപ്പോൾ ബി.എം.ടി.സി ബസുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡയനാമിക് ക്യു.ആർ കോഡ് അധിഷ്ഠിത യു.പി.ഐ പണമിടപാട് സാങ്കേതികവിദ്യയാണ് ഈ മെഷീനുകളിലുള്ളത്. ഇത് വഴി ഓരോ ഡിജിറ്റൽ പണമിടപാടും ആ സമയത്ത് മെഷീൻ ജനറേറ്റ് ചെയ്യുന്ന പ്രത്യേക ടിക്കറ്റ് ഇടപാടുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നു.

യു.പി.ഐ വഴി പണമടയ്ക്കുന്ന യാത്രക്കാർക്കായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും കോർപ്പറേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ടിക്കറ്റ് നൽകുന്ന സമയത്ത് ഇ.ടി.എം സ്ക്രീനിൽ തെളിയുന്ന ഡയനാമിക് ക്യു.ആർ കോഡ് മാത്രം യാത്രക്കാർ സ്കാൻ ചെയ്യേണ്ടതാണ്. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന പഴയതോ സ്ഥിരമായതോ ആയ സ്റ്റാറ്റിക് ക്യു.ആർ കോഡ് സ്റ്റിക്കറുകൾ യാതൊരു കാരണവശാലും സ്കാൻ ചെയ്യരുത്.

കൂടാതെ, കണ്ടക്ടറുടെ വ്യക്തിപരമായ ക്യു.ആർ കോഡിലേക്കോ മറ്റ് ഏതെങ്കിലും ക്യു.ആർ കോഡുകളിലേക്കോ പണം കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. യു.പി.ഐ ആപ്ലിക്കേഷൻ വഴി പണം അയക്കുന്നതിന് മുൻപ് ഇ.ടി.എം മെഷീനിൽ കാണിക്കുന്ന ടിക്കറ്റ് നിരക്ക് കൃത്യമാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം. പണമിടപാട് വിജയകരമായി പൂർത്തിയായതിന് ശേഷം മാത്രം കണ്ടക്ടറിൽ നിന്നും ടിക്കറ്റ് കൈപ്പറ്റണമെന്നും ബി.എം.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts