ബെംഗളൂരു: കേരള സർക്കാറിന്റെ പി.ആർ.ഡി വിഭാഗത്തിന്റെ സഹകരണത്തോടെ ഇന്നലെ ജയമഹൽ പാലസിൽ അവസാനിച്ച ആദ്യത്തെ സാംസ്കാരിക- വ്യാപാര മേള ഒരു പുതിയ അനുഭവമാണ് അവിടം സന്ദർശിച്ച മലയാളികൾക്ക് നൽകിയത്. ഇതു പോലെ ഉള്ള ഒരു പരിപാടി ഇതുവരെ ബെംഗളുരി മലയാളികൾ കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ ഒരു തരത്തിലും അതിശയോക്തിയാവില്ല.
കൃത്യമായ പ്ലാനിങ്ങോടെ അണിയിച്ചൊരുക്കിയ മേളയുടെ പിന്നിൽ അണിചേർന്ന സംഘാടകർ വലിയ അഭിനന്ദനം അർഹിക്കുന്നു…
അതേ സമയം കലാപരിപാടികളും മറ്റ് സറ്റേജ് പരിപാടികളുടെയും മികവ് നോക്കുമ്പോൾ ഓരോന്നും ഒന്നിനൊന്നു മുന്നിട്ടുനിന്നു, ആദ്യ ദിവസം വയലി ബാന്റ് അവതരിപ്പിച്ച മുളവാദ്യങ്ങൾ മുതൽ അവസാന ദിവസം നടന്ന കരിന്തല കൂട്ടത്തിന്റെ പ്രകടനം വരെ ഒന്നിനൊന്നു മികച്ചു നിന്നു.
എന്നാൽ കാണികളുടെ ,ആസ്വാദകരുടെ എണ്ണത്തിൽ അവസാന ദിവസം മാറ്റി വച്ചാൽ അത് ഒരു വൻ ദുരന്തമായിരുന്നു എന്ന് പറഞ്ഞാൽ അതൊട്ടും കുറവാകില്ല.
എന്തുകൊണ്ട് പത്തുലക്ഷത്തിലധികം മലയാളികൾ ഉള്ള ബെംഗളൂരുവിൽ ഇത്രയും നല്ല പരിപാടികൾ ഉണ്ടായിട്ടും വേദികൾ ശുഷ്കമായി ?മലയാളികളെയും അല്ലാത്തവരെയും ലക്ഷ്യം വച്ചു നടത്തിയ പരിപാടിയിൽ ഒരു ശതമാനം പോലും മലയാളികളെ എത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ട് ? ഒരു വിശകലനം.
ബെംഗളൂരുവിൽ പ്രവാസം നയിക്കുന്ന മലയാളികളെ എളുപ്പത്തിൽ മൂന്നായി തിരിക്കാം.
ഒന്നാമതായി ബെംഗളൂരിലെ നൂറായിരം സംഘടനകളിൽ ഏതെങ്കിലും ഒരു സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്ന മലയാളി.എന്നാൽ ഇവരെ വേണ്ട പോലെ അറിയിച്ചില്ല എന്ന പരാതി വ്യപകമാണ്, അതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം താഴെ ചേർക്കുന്നു. എല്ലാ മലയാളി സംഘടനകളെ മാത്രം ഉൾപ്പെടുത്തിയിരുന്നു എങ്കിൽ ഈ “ദുരന്തം” ഒഴിവാക്കാമായിരുന്നു.
അടുത്ത വിഭാഗമാണ് സോഷ്യൽ മലയാളി, ബെംഗളൂരു എന്ന “സിലിക്കൺ വാലി “യിൽ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം മലയാളികൾ സോഷ്യൽ മീഡിയയുമായി “വെൽ കണക്ടഡ് ” ആണ്, പ്രത്യേകിച്ച് ഫേസ്ബുക്കിൽ, ബെംഗളൂരു മലയാളികളുടെ പേരിൽ പത്തോളം ഫേസ് ബുക്ക് ഗ്രൂപ്പുകൾ നിലവിലുണ്ട്,അതിൽ തന്നെ ഒരു ലക്ഷത്തിലധികം മെമ്പേഴ്സുള്ള രണ്ട് ഗ്രൂപ്പുകൾ പതിനായിരത്തിലധികം അംഗങ്ങളുള്ള വിരലിലെണ്ണാവുന്ന ഗ്രൂപ്പുകൾ എന്നാൽ ബെംഗളൂരു വാർത്ത ഡോട്ട് കോം പരിപാടിയുമായി ബന്ധപ്പെട്ട വാർത്തകൾ അവസാന ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വരെ ഒരു ഗ്രൂപ്പും ഇങ്ങനെയൊരു വിഷയം അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിരുന്നോ എന്ന് തന്നെ സംശയം. മലയാള മനോരമയും മാതൃഭൂമിയും മാധ്യമവും മാത്രം വായിച്ച് ഇത്തരം പരിപാടികൾക്ക് ആൾക്കാർ വരണം എന്ന് കരുതുന്നത് ബാലിശമാണ്.
മൂന്നാമത്തെ വിഭാഗം, മുകളിൽ പറഞ്ഞ വിഭാഗത്തിൽ ഒന്നും പെടാതെ നഗരത്തിൽ ജീവിക്കുന്ന മലയാളികൾ, അവരെ പരിപാടിക്ക് എത്തിക്കാനുള്ള ഒരു ശ്രമവും നടന്നില്ല എന്നു വേണം അനുമാനിക്കാൻ, ഏതെങ്കിലും പ്രധാനപെട്ട ഒരു എഫ് എം റേഡിയോ ചാനെലിൽ പരസ്യം നൽകിയിരുന്നെങ്കിൽ മുകളിൽ പറഞ്ഞ മലയാളികൾ മാത്രമല്ല ,അല്ലാത്തവരും പരിപാടി തേടി എത്തുമായിരുന്നു…. നഗരത്തിൽ ഒന്നോ രണ്ടോ ഹോൾഡിംഗ്സ് വച്ചിരുന്നെങ്കിൽ ഇതായിരുന്നില്ല സ്ഥിതി.
എത്ര പേർ ഇതുവരെ പ്രദർശനശാല സന്ദർശിച്ചു എന്നറിയാനും അടുത്ത പ്രാവശ്യം ഇവരെയെല്ലാം അറിയിക്കാനും ഓരോരുത്തരുടെ അഭിപ്രായം (ഫീഡ്ബാക്ക് ) അറിയാനുമായി ഒരു പുസ്തകം അവിടെ വച്ചിരുന്നെങ്കിൽ അതിൽ പ്രദർശനം കാണുന്ന ഓരോരുത്തരും തങ്ങളുടെ പേരും നമ്പറും സംഘടനയുടെ പേരും ഫീഡ്ബാക്കും എഴുതുമായിരുന്നു, അങ്ങനെ ഒരു സംഭവം മേളയുടെ സ്ഥലത്ത് കണ്ടതേ ഇല്ല.
ഒരു ദിവസം മലയാളികളായും അല്ലാതേയും ഒരു പതിനായിരം ആളെങ്കിലും വന്നു പോകേണ്ട മേളയിൽ ഉൽഘാടന ദിവസം വയലി ബാന്ഡിന്റെ പരിപാടി കാണാനുണ്ടായിരുന്നത് നൂറിൽ കുറവ് ആളുകൾ മാത്രം, അത് തന്നെ സ്റ്റാളുകളിലുണ്ടായിരുന്നവരും അന്നത്തെ സ്റ്റേജ് പരിപാടി നടത്താനുള്ള കുട്ടികളും രക്ഷിതാക്കളും ചേർത്ത്, പരിപാടി അവസാനിക്കാറായപ്പോഴേക്കും 30 ൽ താഴെ മാത്രമായി കാണികൾ.
മുകളിലെഴുതിയ ന്യുനത മാറ്റി വച്ചാൽ ഏറ്റവും നല്ല രീതിയിൽ തന്നെയാണ് പരിപാടി അരങ്ങേറിയത്.
വ്യാപാര സംസ്കാരിക മേളയുടെ മുന്നണിയിലും പിന്നണിയിലും അണി നിരന്ന ഓരോരുത്തരേയും അഭിനന്ദിക്കുന്നതോടൊപ്പം അടുത്ത വർഷം ഇതിലും നല്ല പരിപാടിയുടെ സംഘാടനത്തിന്റെ ഭാഗമാവാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
https://bengaluruvartha.in/archives/7872
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.