ബെംഗളൂരു: ഐ.ടി നഗരത്തിലെ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഇനി മുതൽ ഉയർന്ന ഫീസ് നൽകേണ്ടി വരും. ബെംഗളൂരുവിന്റെ പാർക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും പൊതു ഇടങ്ങളുടെ അനാവശ്യ ഉപയോഗം തടയാനുമായി ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) നിയമങ്ങൾ 2026’ എന്ന പേരിലുള്ള കരട് വിജ്ഞാപനം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) പുറത്തിറക്കി. സുസജ്ജമായ ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് കോംപ്ലക്സുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം.
റെസിഡൻഷ്യൽ പെർമിറ്റും വൻ ഇളവുകളും
പുതിയ നിർദ്ദേശമനുസരിച്ച് വീടുകൾക്ക് മുന്നിലെ റോഡരികിൽ പാർക്ക് ചെയ്യുന്നതിന് പെർമിറ്റ് എടുക്കേണ്ടി വരും. കാറിന്റെ മോഡലിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം, റോഡരികിലെ പാർക്കിംഗിനെ അപേക്ഷിച്ച് നിർദ്ദിഷ്ട പാർക്കിംഗ് കോംപ്ലക്സുകളിലെ ഓഫ്-സ്ട്രീറ്റ് നിരക്കുകൾ കുറവായിരിക്കും. രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെയുള്ള സമയങ്ങളിൽ തെരുവിൽ പാർക്ക് ചെയ്യുന്നവർക്ക് പ്രതിമാസ നിരക്കിൽ 50 ശതമാനം ഇളവ് നൽകാനും കരട് വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്.
തെരുവുകളിലെ മണിക്കൂർ അടിസ്ഥാനത്തിലുള്ള പാർക്കിംഗ് നിരക്ക്
തെരുവുകളിലെ പാർക്കിംഗിന് എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് ഈടാക്കുക. സി കാറ്റഗറി റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 20 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 40 മുതൽ 60 രൂപ വരെയുമാണ് നിരക്ക്. ബി കാറ്റഗറിയിൽ ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 60 രൂപയുമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട എ കാറ്റഗറി റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് 40 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 80 രൂപയും നൽകണം.
തെരുവിന് പുറത്തുള്ള (ഓഫ്-സ്ട്രീറ്റ്) പാർക്കിംഗ് നിരക്ക്
റോഡിന് പുറത്തുള്ള പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരക്ക് പകുതിയായി കുറയും. സി കാറ്റഗറിയിൽ ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 20 രൂപയുമാണ് ഫീസ്. ബി കാറ്റഗറിയിൽ യഥാക്രമം 15 രൂപയും 30 രൂപയും നൽകണം. എ കാറ്റഗറി റോഡുകളിലെ ഓഫ്-സ്ട്രീറ്റ് കേന്ദ്രങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 40 രൂപയുമാണ് ഈടാക്കുക.
പ്രതിമാസ പാസ് നിരക്കുകൾ (ഓഫ്-സ്ട്രീറ്റ്)
സ്ഥിരമായി പാർക്ക് ചെയ്യുന്നവർക്കായി പ്രതിമാസ പാസുകളും അവതരിപ്പിച്ചിട്ടുണ്ട്. സി വിഭാഗം റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് 1,000 രൂപയും ലൈറ്റ് വാഹനങ്ങൾക്ക് 2,000 രൂപയുമാണ് പാസ് നിരക്ക്. ബി വിഭാഗത്തിൽ ഇത് യഥാക്രമം 1,500 രൂപയും 3,000 രൂപയുമാണ്. എ വിഭാഗത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് 2,000 രൂപയും മറ്റ് ലൈറ്റ് വാഹനങ്ങൾക്ക് 4,000 രൂപയും നൽകേണ്ടിവരും.
ദീർഘകാല പാർക്കിംഗ് നിയന്ത്രണവും നിർദ്ദേശങ്ങളും
റോഡുകളിൽ വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി, രണ്ട് മണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്യുന്നവർക്ക് ഫീസ് വർദ്ധിപ്പിക്കും. നഗരവികസന വകുപ്പ് ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച ഈ കരട് വിജ്ഞാപനത്തിൽ ഗസറ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് തങ്ങളുടെ എതിർപ്പുകളും നിർദ്ദേശങ്ങളും സമർപ്പിക്കാവുന്നതാണ്.
