നഗരത്തിന്റെ സമീപ പ്രദേശങ്ങളിലേക്ക് മെമു സര്‍വീസ്;നിലവിലുള്ള ട്രെയിനുകളിൽ എട്ടെണ്ണം മെമു സർവീസാക്കി മാറ്റും

ബെംഗളൂരു∙ ബെംഗളൂരു നഗരത്തിലെത്താൻ സമീപ ജില്ലയിൽ നിന്നുള്ളവർക്കുള്ള കഷ്ടപ്പാട് ഇനി കുറയും. നിലവിലുള്ള ട്രെയിനുകളിൽ എട്ടെണ്ണം മെമു സർവീസാക്കി മാറ്റും. പാസഞ്ചർ ട്രെയിനിന്റെ നിരക്കും സ്‌റ്റോപ്പുകളുമായി എക്‌സ്‌പ്രസിന്റെ വേഗത്തിൽ പോകാമെന്നതാണ് മെമു സർവീസിന്റെ പ്രധാന നേട്ടം. കെഎസ്ആർ ബെംഗളൂരു-ഹിന്ദുപുർ പാസഞ്ചർ, കെഎസ്ആർ മാരിക്കുപ്പം ഡെമു പാസഞ്ചർ, വൈറ്റ്ഫീൽഡ്-ബൈയ്യപ്പനഹള്ളി, ബംഗാർപേട്ട്-മാരിക്കുപ്പം പാസഞ്ചർ ട്രെയിനുകളാണു മെമു റേക്കുകളിൽ സർവീസ് ആരംഭിച്ചത്. ബാക്കിയുള്ള നാലു ഡെമു സർവീസുകൾ പുതിയ റേക്കുകൾ എത്തുന്നതനുസരിച്ചു മെമു ആക്കും.

നഗരത്തിൽ സബേർബൻ ട്രെയിൻ സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു നടപടി. മെമു കോച്ചുകൾ വാങ്ങാനായി 327.79 കോടിരൂപയാണു സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്. ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു) സർവീസുകളിൽ പരമാവധി 12 കോച്ചുകൾ മാത്രമാണു ഘടിപ്പിക്കാൻ സാധിക്കുന്നത്. 1200 യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. ഡീസൽ ഇനത്തിലും റെയിൽവേക്കു ബാധ്യതയാണ്.

മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് (മെമു) സർവീസിൽ 19 കോച്ചുകൾ വരെ ഘടിപ്പിക്കാൻ സാധിക്കും. വൈദ്യുതീകരിച്ച പാതയിൽ കൂടുതൽ വേഗം. പരമാവധി 3000 യാത്രക്കാർക്കു വരെ മെമുവിൽ യാത്രചെയ്യാമെന്നതാണു പ്രധാന നേട്ടം.

കെഎസ്ആർ ബെംഗളൂരു സിറ്റി-ഹിന്ദുപുർ മെമു പാസഞ്ചർ (56523/ 56524)

മാരിക്കുപ്പം-കെഎസ്ആർ ബെംഗളൂരു സിറ്റി മെമു പാസഞ്ചർ (56507/ 56508)

വൈറ്റ്ഫീൽഡ്-ബൈയ്യപ്പനഹള്ളി പാസഞ്ചർ (06593/ 06594)

ബംഗാർപേട്ട്-മാരിക്കുപ്പം പാസഞ്ചർ (66547/ 66548)

മെയിൻ ലൈൻ ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിനെയാണ് മെമു എന്നു വിളിക്കുന്നത്. പരമ്പരാഗത കോച്ചുകളുള്ള പാസഞ്ചർ ട്രെയിനുകളെ അപേക്ഷിച്ചു മെമുവിനു പെട്ടെന്നു വേഗം കൈവരിക്കാൻ കഴിയുമെന്നതിനാൽ സമയലാഭമുണ്ടെന്നതാണു പ്രധാന നേട്ടം. ഇരുവശത്തും ഡ്രൈവർ കാബിനുള്ളതിനാൽ എൻജിൻമാറ്റം പോലെയുള്ള തലവേദനകളില്ല. ലോക്കോ പൈലറ്റും ഒരാൾ മതിയാകും.

1400 എച്ച്പിയുള്ള (കുതിരശക്തി) ഹൈപവർ ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണു ഡെമുവിലുള്ളത്. രണ്ടറ്റത്തും ഡ്രൈവറിനുള്ള ഡ്രൈവിങ് പവർ കോച്ചുകളും ആറു പാസഞ്ചർ കോച്ചുകളുമുൾപ്പെടെ എട്ടു കോച്ചുകളാണു ഡെമുവിലുള്ളത്.

കോച്ചുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ കോച്ചിന്റെയും അറ്റത്തായി ഓരോ ശുചിമുറിയുമുണ്ടാകും. രണ്ടറ്റത്തും പവർ കാറുള്ളതിനാൽ ഏതു ദിശയിലേക്കും ഡെമു ഓടിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us