പ്രജ്ജ്വൽ രേവണ്ണയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്രമന്ത്രി മുരളീധരൻ

ബെംഗളൂരു: വിദേശത്തേക്കുകടന്ന ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി.

കർണാടകം ആവശ്യപ്പെട്ടതനുസരിച്ച് തുടർനടപടിയെടുത്തുവരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

പാസ്‌പോർട്ട് റദ്ദാക്കാൻ ആദ്യം കാരണം കണിക്കൽ നോട്ടീസയക്കണം. തുടർന്ന് അതിന്റെ മറുപടിക്കായി പത്തുദിവസം കാത്തിരിക്കണം. അതിനുശേഷമായിരിക്കും പാസ്‌പോർട്ട് റദ്ദാക്കുകയെന്നും മന്ത്രി വിശദീകരിച്ചു.

‘‘ചൊവ്വാഴ്ചയാണ് കർണാടക സർക്കാരിന്റെ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആരംഭിച്ചു’’ -മുരളീധരൻ പറഞ്ഞു.

പ്രജ്ജ്വലിനെ തിരിച്ചെത്തിക്കാൻ മറ്റെന്തെങ്കിലും നടപടി വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പാസ്‌പോർട്ട് റദ്ദാക്കുന്നതിനാണ് നടപടിയെടുക്കുന്നതെന്നും അതാണ് കർണാടകം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് അറിവില്ലെന്ന് മുരളീധരൻ പറഞ്ഞു.

അതിനിടെ, പാസ്‌പോർട്ട് റദ്ദാക്കൽ നടപടി വൈകിയതിനെത്തുടർന്ന് സിദ്ധരാമയ്യ വ്യാഴാഴ്ച വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പ്രജ്ജ്വൽ എവിടെയാണെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തതയില്ല. ഏപ്രിൽ 27-നാണ് പ്രജ്ജ്വൽ രാജ്യംവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us