ബെംഗളൂരു∙ സബേർബൻ റെയിൽ പദ്ധതിയിലേക്കുള്ള ആദ്യചുവടുമായി ബയ്യപ്പനഹള്ളിയെയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിച്ചുള്ള ഡെമു ട്രെയിൻ സർവീസ് 18ന് ആരംഭിക്കും. നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന കെആർപുരം-വൈറ്റ്ഫീൽഡ് റീച്ചിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതോടെയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഡെമു സർവീസ് ആരംഭിക്കുന്നത്. രാവിലെയും വൈകിട്ടും ഓരോ സർവീസ് വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
രണ്ടുമണിക്കൂറിനു പകരം 15 മിനിറ്റ്
ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള അഞ്ചു കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറെങ്കിലും വേണം. ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ പുതിയ ഡെമു സർവീസിന് കഴിയും. ബയ്യപ്പനഹള്ളിയിൽ നിന്ന് 15 മിനിറ്റിനകം വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്താം. പത്തു രൂപയിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയിൽ മെട്രോ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ ഗതാഗതം നിശ്ചലമാകുന്ന അവസ്ഥയാണ്.
ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ബിഎംആർസിഎല്ലിന് ലഭിച്ചത്. വൈറ്റ്ഫീൽഡ് ഏരിയ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേയിലെ അധികൃതർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഡെമു സർവീസ് എന്ന ആശയം ഉടലെടുത്തത്. മാറത്തഹള്ളി, ഐടിപിഎൽ, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഐടി സ്ഥാപനങ്ങളിൽ ഒന്നരലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്.
ബയ്യപ്പനഹള്ളി വരെ മെട്രോ സർവീസ് വന്നതോടെ നിരവധി പേർ സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ ട്രെയിനിറങ്ങി ബിഎംടിസി ഫീഡർ ബസുകളിലാണ് വൈറ്റ്ഫീൽഡ് മേഖലയിലെത്തുന്നത്. സ്വകാര്യ കാബ്, മാക്സി കാബ് സർവീസുകളും നിറയുന്ന റോഡിൽ രാത്രി പത്തിനുശേഷവും കുരുക്ക് പതിവാണ്. ട്രാഫിക് സിഗ്‌നലുകൾ മറികടക്കാനുള്ള ശ്രമം പതിവായ ഇവിടെ നഗരത്തിലെ ഏറ്റവും അപകടമേഖല കൂടിയാണ്.
ജനുവരിയിൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് മെമു ആരംഭിച്ചെങ്കിലും കൃത്യസമയം പാലിക്കാതായതോടെ യാത്രക്കാർ ഈ സർവീസുകളെ കയ്യൊഴിഞ്ഞ മട്ടാണ്. പുതുതായി ആരംഭിക്കുന്ന ഡെമുസർവീസുകൾ സമയക്രമം പാലിച്ച് ഓടിയാൽ കുറഞ്ഞ ചെലവിൽ വേഗം എത്താനാകും. കെആർപുരം, ഹൂഡി സ്റ്റേഷനുകളിലും ഡെമു സർവീസിന് സ്റ്റോപ്പുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.