മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

ബെംഗളൂരു: തലസ്ഥാന നഗരിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ മജസ്റ്റിക്, ചിക്പേട്ട്, കെ.ആർ മാർക്കറ്റ്, ശിവാജിനഗർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട ഹോട്ടലുകളും ഭക്ഷണശാലകളും ഗുരുതരമായ തീപിടിത്ത ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. ഡെക്കാൻ ഹെറാൾഡ് (DH) നടത്തിയ നേരിട്ടുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ആവശ്യത്തിന് വായുസഞ്ചാരമില്ലാത്തതും, തീപിടിത്തമുണ്ടായാൽ പുറത്തുകടക്കാൻ മതിയായ സംവിധാനങ്ങളില്ലാത്തതുമായ കെട്ടിടങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്.

സമീപകാലത്തുണ്ടായ ദുരന്തങ്ങൾ ഈ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മെയ് 8-ന് നാഗരഭാവിയിലെ ഒരു ഹോട്ടലിലുണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിൽ പുക ശ്വസിച്ച് മുകളിൽ കുടുങ്ങിയ ഒരു തൊഴിലാളി മരണപ്പെട്ടിരുന്നു. ഏപ്രിലിൽ നൈസ് റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലും അടുക്കളയിലെ തീപിടിത്തത്തിൽ പൂർണ്ണമായി നശിച്ചിരുന്നു.

ദേശീയ കെട്ടിട നിർമ്മാണ ചട്ടം (എൻ.ബി.സി) അനുസരിച്ച് ഹോട്ടലുകളിൽ 1.2 മീറ്റർ വീതിയുള്ള കോണിപ്പടികളും കെട്ടിടങ്ങൾ തമ്മിൽ 4 മീറ്റർ അകലവും വേണമെന്നാണ് വ്യവസ്ഥ. എന്നാൽ ചിക്പേട്ടിലെയും ഗാന്ധിനഗറിലെയും പല ഹോട്ടലുകളും പത്തും പതിനഞ്ചും അടി മാത്രമുള്ള ചെറിയ പ്ലോട്ടുകളിലാണ് പ്രവർത്തിക്കുന്നത്. നിയമപ്രകാരം സ്ഥലം വിട്ടാൽ അടുക്കള റോഡിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ഉടമകളുടെ വാദം. പല കെട്ടിടങ്ങൾക്കും 60 വർഷത്തിലേറെ പഴക്കമുണ്ട്. കൂടുതൽ ജനലുകളോ അടിയന്തിര എക്സിറ്റ് വാതിലുകളോ സ്ഥാപിച്ചാൽ ഡൈനിംഗ് ടേബിളുകൾ ഒഴിവാക്കേണ്ടി വരുമെന്നും ഇത് ബിസിനസിനെ ബാധിക്കുമെന്നും വലിയ വാടക നൽകേണ്ടതുണ്ടെന്നും ഉടമകൾ പറയുന്നു. പ്രാവുകൾ കയറാതിരിക്കാനും സാധനങ്ങൾ സൂക്ഷിക്കാനുള്ള ഷെൽഫുകൾ സ്ഥാപിക്കാനുമായി പല കെട്ടിട ഉടമകളും ജനലുകൾ വർഷങ്ങൾക്ക് മുൻപേ അടച്ചുപൂട്ടിയ നിലയിലാണ്. ഒരു എക്സോസ്റ്റ് ഫാൻ മാത്രമുള്ള അടുക്കളകളിൽ ഉച്ചസമയങ്ങളിൽ എണ്ണപ്പുക കൊണ്ടും മുളകുപൊടിയുടെ അംശം കൊണ്ടും ശ്വാസമെടുക്കാൻ പോലും ജീവനക്കാർ ബുദ്ധിമുട്ടുന്നുണ്ട്.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ചെറുകിട ഭക്ഷണശാലകൾ പലതും അഗ്നിശമനസേനയുടെ ഔദ്യോഗിക സുരക്ഷാ പരിശോധനകളിൽ നിന്നും ഇപ്പോഴും പുറത്താണെന്ന് കർണാടക സംസ്ഥാന അഗ്നിശമന-അടിയന്തര സേവന വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വലിപ്പക്കുറവ് കാരണം ഇവർ അഗ്നിശമന വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (NOC) അപേക്ഷിക്കാറില്ല. അതിനാൽ തന്നെ ഇവ സുരക്ഷാ പരിശോധനകളിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞുമാറുന്നു. ചിക്പേട്ടിലെയും കെ.ആർ മാർക്കറ്റിലെയും ഇടുങ്ങിയ തെരുവുകളിലേക്ക് വലിയ ഫയർ എഞ്ചിനുകൾക്ക് കടന്നുചെല്ലാൻ പോലും സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഷോർട്ട് സർക്യൂട്ടോ ഗ്യാസ് ചോർച്ചയോ ഉണ്ടായാൽ, വായുസഞ്ചാരമില്ലാത്ത ഈ ഇടുങ്ങിയ ഹോട്ടലുകൾ വെറും രണ്ട് മിനിറ്റിനുള്ളിൽ മരണക്കെണികളായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാണിജ്യ മേഖലകളിൽ കെട്ടിടങ്ങൾ പൊതുവായ മതിലുകൾ പങ്കിടുന്നതിനാൽ ഒരു കെട്ടിടത്തിലെ തീ അതിവേഗം അടുത്തതിലേക്ക് പടരാൻ സാധ്യതയുണ്ട്.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

പഴയ വാണിജ്യ ഹബ്ബുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയാണ് ദൃശ്യമാകുന്നത്. 21 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും പല കർശന സുരക്ഷാ നടപടികളും നിർബന്ധമല്ല. പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി സുരക്ഷാ നിർദ്ദേശങ്ങൾ നൽകാൻ മാത്രമാണ് അഗ്നിശമനസേനയ്ക്ക് അധികാരമുള്ളത്. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കേണ്ടത് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) മറ്റ് അനുബന്ധ ഏജൻസികളുമാണ്.

വയറിംഗ് സിസ്റ്റങ്ങളുടെ പഴക്കം, നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ, മോശം അറ്റകുറ്റപ്പണികൾ എന്നിവ അപകടസാധ്യത ഇരട്ടിയാക്കുന്നു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അഗ്നിശമനസേനയും ജി.ബി.എയും സംയുക്തമായി നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts