വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

GAS CYLINDER

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്രസർക്കാർ ഗണ്യമായ കുറവ് വരുത്തി. പുതിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. വിലക്കുറവ് നിലവിൽ വന്നതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,728 രൂപയായും കൊൽക്കത്തയിൽ 2,872.50 രൂപയായും കുറഞ്ഞു.

ഈ വിലക്കുറവ് ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ് ബാധകമാകുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. അതിനാൽ ഗാർഹിക ഉപഭോക്താക്കൾ നിലവിലുള്ള നിരക്ക് തന്നെ തുടരേണ്ടിവരും. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. ജൂലൈ മാസത്തിലും സമാനമായ രീതിയിൽ വില കുറച്ചിരുന്നു.

ഇറാൻ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷങ്ങളും കാരണം ആഗോളതലത്തിൽ ഇന്ധനവില വർധിച്ചതാണ് കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിലും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയരാൻ കാരണമായത്. എന്നാൽ, പശ്ചിമേഷ്യൻ സാഹചര്യങ്ങളും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റിൽ ഉന്നതതല യോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങി പ്രമുഖ കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ദിനംപ്രതി വലിയ തോതിൽ പാചകവാതകം ആവശ്യമായി വരുന്ന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ധനച്ചെലവ് കുറയ്ക്കാൻ പുതിയ തീരുമാനം വലിയ ആശ്വാസമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts