ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനും മോശം റോഡുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ രംഗത്തെത്തി. നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും ഡ്രൈവിങ് അച്ചടക്കമില്ലായ്മയും നാളക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച നഗരത്തിലൂടെ നടത്തിയ 31 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറും മുപ്പത് മിനിറ്റും വേണ്ടിവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നഗരത്തിലെ ഏത് ഭാഗത്താണ് താൻ യാത്ര ചെയ്തതെന്ന് വ്യക്തമാക്കിയില്ലെങ്കിലും, കാര്യങ്ങൾ കൂടുതൽ മോശമാകുകയാണെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും ചെയ്തു. വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും മെട്രോ നിർമ്മാണത്തിന്റെ മന്ദഗതിയുമാണ് നഗരത്തെ ഇത്രയും വലിയ കുരുക്കിലേക്ക് തള്ളിവിടുന്നതെന്ന് ക്രിസ് ഗോപാലകൃഷ്ണന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു.
ആഗോള ഗതാഗത സൂചികകളിൽ ബെംഗളൂരുവിന്റെ സ്ഥാനം തുടർച്ചയായി താഴേക്ക് പോകുന്ന സാഹചര്യത്തിലാണ് ഈ വിമർശനം വന്നിരിക്കുന്നത്. ടോംടോം ട്രാഫിക് ഇൻഡക്സിന്റെ (TomTom Traffic Index) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മെക്സിക്കോ സിറ്റിക്ക് തൊട്ടുപിന്നിലായി ലോകത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിലെ ഗതാഗത നിലവാരം ക്രമാനുഗതമായി വഷളാകുകയാണ്. 2023-ൽ ആറാം സ്ഥാനത്തും 2024-ൽ മൂന്നാം സ്ഥാനത്തുമായിരുന്ന ബെംഗളൂരു ഇപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരുവിൽ തിരക്കേറിയ സമയങ്ങളിലെ ശരാശരി വേഗത മണിക്കൂറിൽ 13.9 കിലോമീറ്ററായി കുറഞ്ഞു. മുൻവർഷം ഇത് 14.9 കിലോമീറ്ററായിരുന്നു. നഗരത്തിൽ വെറും 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ യാത്രക്കാർക്ക് ശരാശരി 36 മിനിറ്റും 9 സെക്കൻഡും ആവശ്യമായി വരുന്നുണ്ട്. ഇത് മുൻവർഷത്തേക്കാൾ രണ്ട് മിനിറ്റിലധികം കൂടുതലാണ്. ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർക്കുണ്ടാകുന്ന അധിക സമയനഷ്ടം അളക്കുന്ന കൺജഷൻ ലെവൽ 74.4 ശതമാനമായി ഉയർന്നിരിക്കുകയാണ്.
ഇതുവഴി ഒരു വഷം ശരാശരി 168 മണിക്കൂറോളമാണ് വാഹനയാത്രക്കാർക്ക് റോഡിൽ നഷ്ടമാകുന്നത്. നഗരത്തിലെ ഔട്ടർ റിംഗ് റോഡ്, സർജാപുർ റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ, നമ്മ മെട്രോയുടെ ബ്ലൂ ലൈൻ യാഥാർത്ഥ്യമാവുകയും ഔട്ടർ റിംഗ് റോഡിന്റെ പുനർവികസനം പൂർത്തിയാവുകയും ചെയ്യുന്നതോടെ നഗരത്തിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
