സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

CYBER ONLINE CRIME

ബെംഗളൂരു: ഒടിടി പ്ലാറ്റ്‌ഫോമുകൾ സൌജന്യമായി കാണാമെന്ന പരസ്യത്തിൽ വീണ് ആപ്പ് ഡൌൺലോഡ് ചെയ്ത ബംഗളൂരു സ്വദേശിയായ സ്റ്റോർ മാനേജർക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സൌജന്യ പ്രവേശനം വാഗ്ദാനം ചെയ്ത ‘ടുബി’ (Tuby) എന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതാണ് തട്ടിപ്പിന് കാരണമായത്.

റിച്ച്മണ്ട് ടൗൺ നിവാസിയും ശിവാജിനഗറിലെ പെർഫ്യൂം ഷോപ്പിലെ മാനേജറുമായ സയ്യിദ് വസീം അഹമ്മദ് (35) ആണ് സൈബർ തട്ടിപ്പിനിരയായത്. ഇൻസ്റ്റാഗ്രാമിൽ റീലുകൾ കാണുന്നതിനിടയിലാണ് ഒടിടി സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുമെന്ന ആപ്പിന്റെ ലിങ്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് മെയ് 18-ന് ഇദ്ദേഹം ഈ ലിങ്ക് വഴി ‘ടുബി’ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഉടൻ തന്നെ തട്ടിപ്പുകാർ ഇദ്ദേഹത്തിന്റെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുകയും, പലതവണകളായി അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇദ്ദേഹം ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുക പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റി കൂടുതൽ നഷ്ടം ഒഴിവാക്കുകയുമായിരുന്നു. തുടർന്ന് അശോക് നഗർ പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു.

ബംഗളൂരുവിൽ സൈബർ ക്രൈം കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വ്യാജ ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഓഫറുകളും തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും വഴിയാണ് സൈബർ ക്രിമിനലുകൾ ഇപ്പോൾ ആളുകളെ ലക്ഷ്യമിടുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സിനിമകളും വെബ് സീരീസുകളും സൌജന്യമായോ കുറഞ്ഞ ചിലവിലോ കാണാമെന്ന് പ്രലോഭിപ്പിച്ചാണ് ഇത്തരം വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നത്. തുടർന്ന് ഈ മാൽവെയർ ആപ്പുകൾ വഴി ഫോണിലെ ബാങ്കിംഗ് വിവരങ്ങളും ഒടിപികളും (OTP) തട്ടിപ്പുകാർ ചോർത്തുന്നു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

പ്ലേ സ്റ്റോറിൽ നിന്നോ മറ്റ് ലിങ്കുകളിൽ നിന്നോ ഏതൊരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് അതിന്റെ റിവ്യൂകളും റേറ്റിംഗും ഡൗൺലോഡ് ചെയ്തവരുടെ എണ്ണവും കൃത്യമായി പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) കമാൻഡോ സിദ്ധു മല്ലി നിർദേശിച്ചു. വ്യാജ ആപ്ലിക്കേഷനുകൾക്ക് പലപ്പോഴും വ്യാജ റിവ്യൂകളാകും ഉണ്ടാകുക. അതോടൊപ്പം എസ്എംഎസ് (SMS), കോൺടാക്റ്റുകൾ, ഗാലറി, ബാങ്കിംഗ് വിവരങ്ങൾ എന്നിവയിലേക്ക് അനാവശ്യമായി പ്രവേശനം (Permissions) ചോദിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts