ബെംഗളൂരു : വനിതാ ജീവനക്കാർക്ക് എല്ലാമാസവും ഒരുദിവസം ആർത്തവ അവധി നൽകുന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
സംസ്ഥാനത്ത് ഹോട്ടലുകളടക്കമുള്ള വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമടക്കമുള്ള പ്രത്യേക നിയമങ്ങൾ അനുസരിച്ചാണെന്നും സർക്കാർ ഉത്തരവിലൂടെ ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാൻകഴിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.
നിയമങ്ങൾ ഭേദഗതിചെയ്യാതെ പുതിയ അവധി നിർബന്ധമാക്കാൻ സാധിക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും മാസത്തിൽ ഒരുദിവസം വനിതാ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അധിക അവധി നൽകണമെന്നാണ് നവംബർ 11-ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. സ്ഥിരം, താത്കാലിക, പുറംകരാർ ജീവനക്കാർക്കും അവധിനൽകണം.
ആർത്തവ അവധി പ്രാബല്യത്തിൽവന്നതോടെ എല്ലാ സ്ഥാപനങ്ങളിലും വനിതാ ജീവനക്കാർക്ക് വർഷം 12 അവധി അധികമായി ലഭിക്കും.
ഇത്തരത്തിൽ അധിക അവധി നൽകാൻകഴിയില്ലെന്നാണ് ഹോട്ടൽ അസോസിയേഷൻ വാദിക്കുന്നത്. സ്ത്രീകൾ ഏറെ പ്രവർത്തിക്കുന്ന മേഖലയാണ് ഹോട്ടൽരംഗം. അവധി ഓരോ സ്ഥാപനങ്ങളുടെയും ആഭ്യന്തരകാര്യമാണെന്നും ഇവർ വാദിക്കുന്നു.
