ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടെ കാര്യം ഐ.എസ്.ആർ.ഒ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദൗത്യം ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ വ്യക്തമാക്കി.
ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു. എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ പ്രധാനമാണ്.
ഭൂമിയുടെ ഉപരിതലത്തിൻ്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 5 വർഷമാണ് ഇഒഎസ്-09ന്റെ ആയുസ് കണക്കാക്കിയത്. ഐ.എസ്.ആർ.ഒയുടെ 101ാമത്തെ വിക്ഷേപണമായിരുന്നു സി61ന്റേത്.