ബംഗളൂരു: വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ.
സ്വകാര്യ മെഡിക്കൽ കോളജുകളുടെ സമ്മർദം വകവെക്കാതെയാണ് തീരുമാനം. സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളജ് മാനേജ്മെന് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി, സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നു.
സ്വകാര്യ കോളജുകൾ 10 മുതൽ 15 വരെ ശതമാനം ഫീസ് വർധനക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ 10 ശതമാനം ഫീസ് വർധന അനുവദിച്ചിരുന്നെന്നും ഈ വർഷം ഫീസ് വർധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.