ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? “കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!” യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ബെംഗളൂരു: ആധുനിക ഇന്ത്യൻ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ മാനേജ്‌മെന്റ് കമ്മിറ്റികൾ ഏർപ്പെടുത്തുന്ന കർശനവും അപ്രായോഗികവുമായ നിയന്ത്രണങ്ങൾക്കെതിരെ ബംഗളൂരു സ്വദേശിയായ യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയാകുന്നു. ഫ്ലാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകൾ ഭരിക്കുന്നത് വിരമിച്ച മുതിർന്ന വ്യക്തികളാണെന്നും, ഇവരുടെ പരിഷ്കാരങ്ങൾ ‘വിചിത്ര നിയമങ്ങൾ’ ആണെന്നുമാണ് യുവാവിന്റെ ആരോപണം.

“ഇന്ത്യൻ അപ്പാർട്ട്മെന്റ് സൊസൈറ്റികൾ വിചിത്രമായ അനാവശ്യ നിയമങ്ങളാൽ ശ്വാസം മുട്ടുകയാണ്. മാനേജ്‌മെന്റ് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും വിരമിച്ച മുതിർന്ന ആളുകളാണ്. പുൽത്തകിടിയിൽ ഇരിക്കരുത്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കുട്ടികൾ കളിക്കരുത്, സ്വിമ്മിംഗ് പൂളുകളിൽ ഇൻഫ്ലേറ്റബിൾ പന്തുകൾ ഉപയോഗിക്കരുത് തുടങ്ങിയ അപ്രായോഗിക നിയമങ്ങളാണ് ഇവർ ഉണ്ടാക്കുന്നത്,” യുവാവ് എക്സിൽ (ട്വിറ്റർ) കുറിച്ചു. ജോലിത്തിരക്കുകളും കുടുംബകാര്യങ്ങളും കാരണം യുവാക്കൾക്ക് ഇത്തരം കമ്മിറ്റികളുടെ ഭാഗമാകാൻ സാധിക്കുന്നില്ലെന്നും, ഈ സ്ഥിതി മാറാൻ ഇനിയും പത്ത് വർഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും, സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി അപ്പാർട്ട്മെന്റ് നിവാസികൾ രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ ഫ്ലാറ്റുകളിലെ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചാണ് പലരും കമന്റ് ബോക്സിൽ തുറന്നടിച്ചത്.

“ഗാർഡൻ ഏരിയയിൽ ചെരിപ്പ് ഉപയോഗിക്കരുത്, നിശ്ചിത സമയങ്ങളിൽ മാത്രം നീന്താൻ പാടുള്ളൂ, കുട്ടികളുടെ പരീക്ഷാ സമയമായതിനാൽ പുറത്തുപോയി കളിക്കരുത്, സൈക്ലിംഗ് പാടില്ല തുടങ്ങി നിരവധി വിലക്കുകളാണ് ഉള്ളത്. ഒരിക്കൽ അപ്പാർട്ട്മെന്റ് കോമ്പൗണ്ടിൽ സൈക്കിൾ ചവിട്ടിയതിന് വിരമിച്ച ഒരു സൊസൈറ്റി ഭാരവാഹി എന്റെ ഭാര്യയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. ഒടുവിൽ പോലീസിൽ പരാതി നൽകേണ്ടി വന്നിട്ടും അയാൾക്ക് യാതൊരു കുറ്റബോധവുമില്ലായിരുന്നു,” ഒരു ഉപയോക്താവ് കുറിച്ചു.

മറ്റൊരു നിവാസി പങ്കുവെച്ച അനുഭവം തെരുവ് നായകളുടെ ശല്യത്തെക്കുറിച്ചായിരുന്നു: “ഞങ്ങളുടെ സൊസൈറ്റി കമ്മിറ്റിയിലുള്ളത് മൃഗസ്നേഹികളാണ്. അവർ വളപ്പിൽ നായ്ക്കൾക്കായി അഭയകേന്ദ്രം നിർമ്മിച്ചു. ഇപ്പോൾ ഇരുപതോളം തെരുവ് നായകളാണ് ഇവിടെ അലഞ്ഞുതിരിയുന്നത്. എന്നാൽ ഇവ ആരെയെങ്കിലും കടിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.”

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

“ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കുട്ടികൾ കളിക്കാൻ പാടില്ല, ഇനി കളിക്കുകയാണെങ്കിൽ തന്നെ ഒച്ചവെക്കാതെ കളിക്കണം എന്നാണ് ഞങ്ങളുടെ അപ്പാർട്ട്മെന്റിലെ നിയമം,” മറ്റൊരു കമന്റിൽ പറയുന്നു.

എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കാത്തവരും കുറവല്ല. തങ്ങൾ വർഷങ്ങളായി അപ്പാർട്ട്മെന്റുകളിലാണ് താമസിക്കുന്നതെന്നും എന്നാൽ ഇത്തരം മോശം അനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ഫ്ലാറ്റുകളിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്നാണ് ഇവരുടെ പക്ഷം. എങ്കിലും, ഭൂരിഭാഗം റസിഡൻഷ്യൽ സൊസൈറ്റികളിലും പ്രായമായവരും യുവാക്കളും തമ്മിലുള്ള ആശയപരമായ ഭിന്നത നിലനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ ചർച്ച വിരൽ ചൂണ്ടുന്നത്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts