വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ബെംഗളൂരു: സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കവും വാഗ്വാദവും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ചൊവ്വാഴ്ച സുദ്ദഗുണ്ടെപാളയയിൽ 5,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇരുപത്തൊമ്പതുകാരനായ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഷെയ്ഖ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സയ്യിദ് സലീമിനെതിരെ (30) പോലീസ് കേസെടുത്തു. സ്കൂൾ കാലം തൊട്ട് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പതിവായി ഒത്തുകൂടാറുണ്ടായിരുന്നു. വസീം എസി മെക്കാനിക്കായും സലീം ഒരു ടെന്റ് ഹൗസിലും ജോലി ചെയ്തുവരികയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നിംഹാൻസ് ലേഔട്ടിൽ വെച്ച് ഇവരുടെ സുഹൃത്തുക്കളുടെ സംഘം ഒത്തുകൂടിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. സംസാരത്തിനിടയിൽ താൻ കടം നൽകിയ 5,000 രൂപ തിരികെ വേണമെന്ന് സലീം വസീമിനോട് ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ ചോദിച്ചതിൽ പ്രകോപിതനായ വസീം, സലീമിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തി. ഇത് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റത്തിന് കാരണമാവുകയും തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

തർക്കത്തിനിടയിൽ വസീം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് സലീമിനെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സലീം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വസീമിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വസീമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റ സലീം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട വസീമിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുദ്ദഗുണ്ടെപാളയ (SG Palya) പോലീസ് കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി സലീം ആശുപത്രി വിട്ടാലുടൻ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts