ബംഗളൂരു: ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് വെച്ച സംഭവത്തിൽ ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ. എട്ട് മാസത്തോളം റസിഡൻസ് അസോസിയേഷൻ്റെ നിർദേശം അവഗണിച്ച് ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ തന്നെ സൂക്ഷിച്ചതിനാണ് വൻ തുക പിഴ.
ഇലക്ട്രോണിക് സിറ്റിയിലെ സൺറൈസ് പാർക്ക് ഫേസ് വണ്ണിൽ താമസിക്കുന്നയാൾക്കാണ് പിഴ ചുമത്തിയത് .ഷൂറാക്ക് ഇടനാഴിയിൽ നിന്നും മാറ്റാത്ത കാരണം ചൂണ്ടികാണിച്ച് പ്രതിദിനം 100 രൂപയാണ് പിഴയിട്ടത്.
എന്നാൽ, പിഴശിക്ഷക്ക് ശേഷവും ഇയാൾ ഷൂറാക്ക് അവിടെ നിന്ന് മാറ്റാൻ തയാറായില്ല. പിഴതുകയ്ക്ക് പുറമേ ഇനി ഭാവിയിൽ വരുന്ന പിഴശിക്ഷക്ക് വേണ്ടി 15,000 രൂപയും ബംഗളൂരു നിവാസി അഡ്വാൻസായി നൽകി.
ഫ്ലാറ്റിലെ ഇടനാഴിയിൽ വിവിധ വ്യക്തികളായി സൂക്ഷിച്ച സാധനങ്ങൾ നീക്കുന്നതിനായി റസിഡന്റ് അസോസിയേഷൻ യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. തീരുമാനത്തെ ചിലർ എതിർത്തുവെങ്കിലും പിന്നീട് അനുകൂലിക്കുകയായിരുന്നു. 1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റസിഡൻഷ്യൽ കോംപ്ലക്സ്.