ന്യൂഡൽഹി: പാകിസ്ഥാനുള്ളിൽ 100 കിലോ മീറ്റർ കടന്ന് കയറി തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം.
ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്കും ആക്രമണങ്ങൾക്കും മുൻപിൽ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഭീകരവാദികൾ കരുതിയതെന്നും എന്നാൽ, നമ്മുടെ സേനകൾ ഒരുമിച്ച് അവർക്ക് ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ പ്രദേശങ്ങളിൽ (100 കിലോ മീറ്റർ വരെ) കടന്നുകയറിയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും, പാകിസ്താന്റെ 11 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. ഇതോടെ വ്യോമാക്രമണം നടത്താനുള്ള പാകിസ്താന്റെ ശേഷി ചോർന്ന് പോയെന്നും അതെസമയം സിവിലയൻമാർക്ക് നാശമുണ്ടാക്കാതെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ വീണ്ടും ആക്രമിച്ചാൽ പാക്കിസ്ഥാൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.