തീവണ്ടികളിലെ ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി റെയിൽവേയുടെ പിടിവീഴും. യാത്രക്കാരിൽ നിന്ന് പിഴയീടാക്കി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ പരിശോധകർക്കും (ടി.ടി.ഇ) സ്ക്വാഡുകൾക്കും കടുത്ത വരുമാന ലക്ഷ്യം (ടാർഗറ്റ്) റെയിൽവേ അധികൃതർ നിശ്ചയിച്ചു നൽകി. യാത്ര ചെയ്യുന്ന ദൂരത്തിന് (കിലോമീറ്റർ) അനുസരിച്ചായിരിക്കും പിഴത്തുക ഈടാക്കുക. സാധാരണ യാത്രാ ടിക്കറ്റോ സീസൺ ടിക്കറ്റോ മാത്രമെടുത്ത് സ്ലീപ്പർ കോച്ചുകളിൽ (ഡി-റിസർവ്ഡ് കോച്ചുകൾ ഒഴികെ) കയറുന്നതും ഇനി മുതൽ ടിക്കറ്റില്ലാ യാത്രയുടെ പരിധിയിൽപ്പെടുത്തി കനത്ത പിഴ ഈടാക്കാനാണ് നിർദ്ദേശം.
നിലവിൽ പാലക്കാട് ഡിവിഷനിൽ സ്ലീപ്പർ കോച്ചുകളുടെ ചുമതലയുള്ള ഒരു ടിക്കറ്റ് പരിശോധകന് പ്രതിമാസം 10,000 രൂപയായിരുന്നു പിഴയിനത്തിൽ ഈടാക്കേണ്ടിയിരുന്ന ടാർഗറ്റ്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഇത് ഒറ്റയടിക്ക് 25,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ഡിവിഷനിൽ നിന്ന് മാത്രമായി ഒരു വർഷം ഏകദേശം 27 കോടി രൂപ പിഴയിനത്തിൽ സമാഹരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ പിഴ നിരക്കുകളിലും നേരിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ സീറ്റോ ബർത്തോ മാറ്റി നൽകുന്നത് വഴി നിലവിൽ റെയിൽവേയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് പുറമെയാണിത്. സ്ക്വാഡ് ടി.ടി.ഇമാർക്കും ഉയർന്ന തുക തന്നെ ലക്ഷ്യമായി നിശ്ചയിച്ചിട്ടുണ്ട്.
കോച്ച് മാറി കയറുന്നത് ഉൾപ്പെടെയുള്ള നിസ്സാര കാര്യങ്ങൾക്ക് പോലും ഇനി മുതൽ കർശനമായി പിഴയീടാക്കാനാണ് നിർദ്ദേശം. റെയിൽവേയുടെ ഈ പുതിയ നീക്കം വണ്ടിക്കുള്ളിൽ പരിശോധകരും യാത്രക്കാരും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുമെന്ന് വിവിധ റെയിൽവേ യൂണിയനുകൾ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അൺ റിസർവ്ഡ്, സീസൺ ടിക്കറ്റ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടും അതിനനുസരിച്ച് ഡി-റിസർവ്ഡ് കോച്ചുകൾ വർദ്ധിപ്പിക്കാൻ റെയിൽവേ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് പുതിയ ട്രെയിനുകളോ ജനറൽ കോച്ചുകളോ അനുവദിക്കാതെ, നിലവിലുള്ള സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എ.സി കോച്ചുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. മലബാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകളിൽ പകൽ സമയങ്ങളിൽ യാത്രക്കാർക്ക് ആശ്രയമായിരുന്ന പല സംവരണ കോച്ചുകളും ഇത്തരത്തിൽ നഷ്ടപ്പെട്ടു കഴിഞ്ഞു.
പകൽ സമയങ്ങളിൽ സ്ലീപ്പർ കോച്ചുകളിൽ കയറുന്ന സാധാരണ യാത്രക്കാരെപ്പോലും സ്ക്വാഡ് പിടികൂടി പിഴയീടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള 307 കിലോമീറ്റർ റൂട്ടിൽ പകൽ സമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റുകൾ അനുവദിക്കാത്തതും ആവശ്യത്തിന് മെമു സർവീസുകൾ ഇല്ലാത്തതും സാധാരണക്കാരായ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയാണ്. ഇതിനിടയിലാണ് പിഴ കൂട്ടിയും ടാർഗറ്റ് നിശ്ചയിച്ചും യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കാനുള്ള റെയിൽവേയുടെ പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
