ബെംഗളൂരു: എൽ.പി.ജി കണക്ഷൻ ഇല്ലാത്തവർക്കും ഇനിമുതൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് വഴി എൽ.പി.ജി സിലിണ്ടറുകൾ വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) ഇൻസ്റ്റാമാർട്ട് കൈകോർത്തതോടെ, ഈ സൗകര്യം ലഭ്യമാകുന്ന രാജ്യത്തെ ആദ്യ നഗരമായി ബെംഗളൂരു മാറി. ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, എച്ച്.പി.സി.എൽ പുതുതായി പുറത്തിറക്കിയ 10 കിലോഗ്രാമിന്റെ കമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറായ ‘എച്ച്.പി നവ്യ’യും 5 കിലോഗ്രാമിന്റെ മെറ്റൽ എൽ.പി.ജി സിലിണ്ടറുമാണ് ഈ സേവനത്തിലൂടെ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 15 മുതൽ ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
ഒരു ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യാനുസരണം എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുന്ന എച്ച്.പി.സി.എല്ലിന്റെ ആദ്യത്തെ ചുവടുവെപ്പാണിത്. നിലവിൽ ഗാർഹിക എൽ.പി.ജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സിലിണ്ടറുകൾ വാങ്ങാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്കും, ഉദ്യോഗസ്ഥർക്കും, ചെറിയ കുടുംബങ്ങൾക്കും ഈ സേവനം ഏറെ പ്രയോജനകരമാകും. ആദ്യമായി വാങ്ങിയ ശേഷം സിലിണ്ടർ തീരുന്ന മുറയ്ക്ക്, ഡെലിവറി സമയത്ത് ശൂന്യമായ എച്ച്.പി.സി.എൽ സിലിണ്ടർ തിരികെ നൽകി ഉപഭോക്താക്കൾക്ക് റീഫില്ലുകൾ ഓർഡർ ചെയ്യാൻ സാധിക്കും.
പലചരക്ക് സാധനങ്ങൾക്കപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇൻസ്റ്റാമാർട്ട് മാറിയിട്ടുണ്ടെന്ന് ഇൻസ്റ്റാമാർട്ട് സി.ഇ.ഒ അമിതേഷ് ഝാ പറഞ്ഞു. എച്ച്.പി.സി.എല്ലുമായുള്ള പങ്കാളിത്തത്തിലൂടെ, ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന സുരക്ഷയും വിശ്വാസ്യതയും നിലനിർത്തിക്കൊണ്ടുതന്നെ ഈ അവശ്യ സേവനം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അത് നിറവേറ്റാൻ നൂതനമായ പരിഹാരങ്ങൾ നൽകാൻ എച്ച്.പി.സി.എൽ പ്രതിജ്ഞാബദ്ധമാണെന്നും എച്ച്.പി.സി.എൽ ഡയറക്ടർ-മാർക്കറ്റിംഗ് അമിത് ഗാർഗ് വ്യക്തമാക്കി. ഇൻസ്റ്റാമാർട്ട് പ്ലാറ്റ്‌ഫോമിലൂടെ വേഗതയേറിയതും സൗകര്യപ്രദവുമായ ഡിജിറ്റൽ സംവിധാന വഴി ‘എച്ച്.പി നവ്യ’ കമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറുകൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എച്ച്.പി.സി.എല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് ഓർഡറുകൾ ഉപഭോക്താക്കളിൽ എത്തിക്കുക. ആദ്യമായി സിലിണ്ടർ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾ ഡെലിവറിക്ക് മുൻപായി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
