സംസ്ഥാനത്ത് അലങ്കാര മത്സ്യ വ്യാപാരവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സൗകര്യം ഒരുങ്ങുന്നു

ബെംഗളൂരു: അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വ്യാപാരം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, ഹെസാരഘട്ടയില്‍ അലങ്കാര മത്സ്യങ്ങള്‍ക്കായി ഇത്തരത്തിലുള്ള ആദ്യ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കി്. അലങ്കാര മത്സ്യങ്ങളുടെ പ്രധാന വിപണിയാണ് ബെംഗളൂരുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വ്യാപാരത്തെ തടസ്സപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ‘കര്‍ണ്ണാടകയില്‍ ഏകദേശം 2,500 അലങ്കാര മത്സ്യ ചില്ലറ വ്യാപാരികള്‍ ഉണ്ടെന്നും അവരില്‍ 1,000 ത്തോളം പേര്‍ ബെംഗളൂരു ആസ്ഥാനമാക്കിയുള്ളതാണെന്നും, ഇത് ഗാര്‍ഹിക അലങ്കാര മത്സ്യ വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നുവെന്നും ഫിഷറീസ് വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു .

നിലവില്‍ സംസ്ഥാനത്തിന്റെ അലങ്കാരമത്സ്യങ്ങളുടെ 90 ശതമാനവും ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് വിതരണം ചെയ്യുന്നത്. ഗതാഗത ചെലവും ഗതാഗത സമയത്തെ മത്സ്യ മരണവും വില വര്‍ദ്ധിപ്പിക്കും, അതിനാല്‍ ഈ മത്സ്യങ്ങള്‍ പ്രാദേശികമായി ഉയര്‍ന്ന വിലയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്നുവെന്നും” ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പല ചില്ലറ വ്യാപാരികള്‍ക്കും ക്വാറന്റൈന്‍ സൗകര്യമില്ലെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീപദ് കുല്‍ക്കര്‍ണി പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് നടപ്പിലാക്കിയ ചട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ മത്സ്യങ്ങളെയും വൈവിധ്യത്തെ ആശ്രയിച്ച് 15 മുതല്‍ 21 ദിവസം വരെ ക്വാറന്റൈന്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. വന്‍കിട ഇറക്കുമതിക്കാര്‍ സ്വന്തം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ചെറുകിട ഇറക്കുമതിക്കാര്‍ക്ക് അത്തരം സൗകര്യങ്ങള്‍ ഇല്ലത്തത് ഒരു തടസ്സമാണെന്ന് കുല്‍ക്കര്‍ണി പറഞ്ഞു.

3,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യത്തില്‍ 50,000 ചെറുതും 3,000 വലുതുമായ മത്സ്യങ്ങളെ വരെ ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയും. രോഗനിര്‍ണയം, ചികിത്സ, ക്വാറന്റൈന്‍ മുതല്‍ ഹോള്‍ഡിംഗ്, പാക്കിംഗ് എന്നിങ്ങനെ വിപണിയുടെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രം നിറവേറ്റുമെന്നും കുല്‍ക്കര്‍ണി പറഞ്ഞു.

മത്സ്യങ്ങളുടെ മികച്ച പരിപാലനം ഉറപ്പാക്കുന്നതിന്, ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ പരിസരത്ത് പ്രത്യേക ഡയഗ്‌നോസ്റ്റിക് ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ട്. ‘ഇറക്കുമതി ചെയ്യുന്ന മത്സ്യം ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം, വിവിധ രോഗങ്ങള്‍ക്കായി അവയെ നിരീക്ഷിക്കേണ്ടതും പ്രധാനമാണ്. ക്വാറന്റൈന്‍ കാലയളവില്‍ മത്സ്യത്തിന് ബാക്ടീരിയ, പരാന്നഭോജികള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ ഒരു ഡയഗ്‌നോസ്റ്റിക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ‘ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

ഈ മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ സൗകര്യം ലഭ്യമാക്കാനാണ് വകുപ്പ് പദ്ധതിയിടുന്നത്. ചെറുകിട ഇറക്കുമതിക്കാരെയും കയറ്റുമതിക്കാരെയും പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇത്രയും വലിയ സൗകര്യം ഒരുക്കുന്നതിന് പിന്നിലെ ലക്ഷ്യം. കേന്ദ്രം ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും സേവനങ്ങള്‍ സബ്സിഡി നിരക്കില്‍ വാഗ്ദാനം ചെയ്യുമെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us