ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ബാലേകുന്ദ്രി സർക്കിളിലെ പബ്ബിന് പുറത്ത് ഒരു കൂട്ടം യുവാക്കൾ തമ്മിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിധാന സൗധയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്താണ് സംഭവം നടന്നതെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന് വിവരം ലഭിച്ചത്.
വീഡിയോയിൽ കാണുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 394 (കവർച്ച നടത്തുന്നതിൽ സ്വമേധയാ മുറിവേൽപ്പിക്കുക) പ്രകാരം വിധാന സൗധ പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തു. വൈകുന്നേരത്തോടെയാണ് യുവതിയിൽ നിന്നും പരാതി ലഭിച്ചതെന്നും ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ആർ ശ്രീനിവാസ് ഗൗഡ പറഞ്ഞു.
ഡിസിപി പറയുന്നതനുസരിച്ച്, സ്ത്രീയുയുടെ കൂടെ ഉണ്ടായിരുന്ന പുരുഷനും മറ്റൊരാളും സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ ചെയ്ത പോസ്റ്റിന്റെ പേരിൽ തർക്കത്തിലേർപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതികൾ പവൻ, ശരത്, കാർത്തിക് എന്നിവരാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയ്‌ക്കൊപ്പം കണ്ട യുവാവ് ആന്റണിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
പവനും ആന്റണിയും പരസ്പരം അറിയാമായിരുന്നു. അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിനെ ചൊല്ലി മുൻപ് തർക്കിക്കുകയും തിരക്കേറിയ ട്രാഫിക് കവലയിൽ വെച്ച് നേരിട്ട് കണ്ടുമുട്ടാമെന്ന് സമ്മതിക്കുകയും ചെയ്തു. വീഡിയോയിൽ കാണുന്ന സ്ത്രീയെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് പോലീസ് കരുതുന്നത്.
ആന്റണിയും യുവതിയും സ്‌കൂട്ടറിൽ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പവനും സുഹൃത്തുക്കളും ചേർന്ന് ഇവരെ ആക്രമിച്ച് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായവർ വടി പോലുള്ള വസ്തുക്കളാണ് കൈവശം വച്ചത്. ഇത് മാരകമായ ആയുധമല്ല. നടന്ന സംഘർഷം ഒരു റൗഡി നടപടിയായിരുന്നില്ലന്നും അവരാരും റൗഡികളല്ലായിരുന്നെന്നും ഗൗഡ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.