ബെംഗളൂരു: ഉപേക്ഷിക്കുന്ന പാൽക്കവറുകൾ ഉയർന്ന ശേഷിയുള്ള ‘ഇഞ്ചിനീയറിങ് പ്ലാസ്റ്റിക്’ ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി.) ശാസ്ത്രജ്ഞർ വികസിപ്പിച്ചു. പലതവണ റീസൈക്കിൾ ചെയ്താലും യഥാർത്ഥ കരുത്ത് നഷ്ടപ്പെടാത്ത ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്.
ചിന്തൻ എൻവിറോൺമെന്റൽ റിസർച്ച് ആൻഡ് ആക്ഷൻ ഗ്രൂപ്പിന്റെ 2025-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിദിനം 10 കോടി മുതൽ 12 കോടി വരെ പ്ലാസ്റ്റിക് പാൽക്കവറുകളാണ് ഉപേക്ഷിക്കപ്പെടുന്നത്. അതായത് പ്രതിവർഷം 36.5 ബില്യൺ മുതൽ 43.8 ബില്യൺ വരെ കവറുകൾ മാലിന്യമായി പുറന്തള്ളപ്പെടുന്നു. പോളിഎഥിലിൻ (PE) ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം കവറുകൾ പുനരുപയോഗിക്കാൻ സാധിക്കുന്നതാണെങ്കിലും, ശേഖരിക്കാനുള്ള ബുദ്ധിമുട്ടും റീസൈക്ലിങ് മൂല്യക്കുറവും കാരണം ഇവ പ്രധാനമായും ജലാശയങ്ങളിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലുമാണ് ചെന്നെത്തുന്നത്. കൂടാതെ, പരമ്പരാഗത രീതിയിൽ റീസൈക്കിൾ ചെയ്യുമ്പോൾ ഓരോ ഘട്ടത്തിലും പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരവും ബലവും കുറയുകയും ചെയ്യും. ഈ വലിയ വെല്ലുവിളിക്കാണ് ഐ.ഐ.എസ്.സി. ഗവേഷകർ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
ഐ.ഐ.എസ്.സി. മെറ്റീരിയൽസ് എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫ. സൂര്യസാരഥി ബോസ്, ഭാസ്കർ ബോഹ്റ, ദേബശ്രിത കുന്ദു എന്നിവരടങ്ങിയ സംഘമാണ് ഈ ഗവേഷണത്തിന് പിന്നിൽ. ഷാംപൂ, എണ്ണ കുപ്പികൾ എന്നിവയിലടങ്ങിയിരിക്കുന്ന പോളിപ്രൊപ്പിലീൻ പ്ലാസ്റ്റിക്കിൽ നിന്ന് തയാറാക്കിയ പ്രത്യേക ‘പോളിപ്രൊപ്പിലീൻ വിട്രിമറുമായി’ ഉപേക്ഷിച്ച പാൽക്കവറുകൾ കൂട്ടിക്കലർത്തിയാണ് ഇവർ പുതിയ പ്ലാസ്റ്റിക് നിർമ്മിച്ചെടുത്തത്. സാധാരണഗതിയിൽ ഒന്നിച്ചുചേരാത്ത രണ്ട് തരം പ്ലാസ്റ്റിക് മാലിന്യങ്ങളെ പരസ്പരം സംയോജിപ്പിക്കാൻ ഈ വിട്രിമറിന് സാധിക്കുന്നു.
ഈ സാങ്കേതികവിദ്യയിലൂടെ പുനരുൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ വലിവുബലം (tensile strength) സാധാരണ റീസൈക്കിൾ ചെയ്ത പോളിഎഥിലിനേക്കാൾ രണ്ടിരട്ടിയാണെന്ന് ഗവേഷകർ കണ്ടെത്തി. മൂന്ന് തവണ തുടർച്ചയായി റീസൈക്ലിങ് നടത്തിയാലും പ്ലാസ്റ്റിക്കിന്റെ കരുത്തോ ഗുണനിലവാരമോ നഷ്ടപ്പെടുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഏത് ബ്രാൻഡിന്റെ പാൽക്കവറുകളും ഈ സാങ്കേതികവിദ്യയ്ക്കായി ഉപയോഗിക്കാമെന്ന് പ്രൊഫ. സൂര്യസാരഥി ബോസ് വ്യക്തമാക്കി. ഈ ഉൽപ്പന്നം 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏത് രൂപത്തിലേക്ക് വേണമെങ്കിലും മാറ്റാം. നിലവിൽ കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ഡിവൈഡറുകൾ, ബസ് ഷെൽട്ടറുകൾ, ലോജിസ്റ്റിക്സ് കണ്ടെയ്നറുകൾ തുടങ്ങിയവ നിർമ്മിക്കാൻ ഈ പുതിയ പ്ലാസ്റ്റിക് മികച്ച ബദലാണ്. റീസൈക്ലിങ്ങിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് പാക്കേജിങ്ങുകൾ ജൈവമാലിന്യങ്ങളിൽ നിന്നും മെഡിക്കൽ മാലിന്യങ്ങളിൽ നിന്നും കൃത്യമായി തരംതിരിച്ച് മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
