ബെംഗളൂരു: സർക്കാരിൽ നിന്നോ ബി.ഡി.എ. (BDA), സി.ഐ.ടി.ബി. (CITB), ഹൗസിങ് സൊസൈറ്റികൾ എന്നിവ വഴി സ്ഥലം വാങ്ങിയവർ അഞ്ച് വർഷത്തിനുള്ളിൽ വീട് നിർമ്മിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട സമയത്തിനുള്ളിൽ വീട് വച്ചില്ലെങ്കിൽ ഇരട്ടി നികുതി ഈടാക്കുകയോ അല്ലെങ്കിൽ അടച്ച തുക പലിശ സഹിതം തിരികെ നൽകി സ്ഥലം സർക്കാർ തിരിച്ചുപിടിക്കുകയോ ചെയ്യും. ബെംഗളൂരു ഹെബ്ബാൾ ജംഗ്ഷനിൽ ‘മാലിന്യമുക്ത ബെംഗളൂരു’ (Freedom from Waste) പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി ആളുകൾ വീട് വെക്കാതെ വെറുതെ ഇട്ടിരിക്കുന്ന പ്ലോട്ടുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. 20-ഉം 30-ഉം 40-ഉം വർഷമായി വെറുതെ ഇട്ടിരിക്കുന്ന സ്ഥലങ്ങളാണ് നഗരത്തിലെ പ്രധാന മാലിന്യക്കൂമ്പാരങ്ങളാകുന്നത്. വീട് വയ്ക്കാനാണ് സർക്കാർ ഭൂമി നൽകുന്നത്, അല്ലാതെ കാടുകയറി കിടക്കാനല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ഥലം ഉടമകൾ കോമ്പൗണ്ട് വാൾ നിർമ്മിച്ച് മാലിന്യം തള്ളുന്നത് തടയേണ്ടതുണ്ട്.
അനധികൃതമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും തള്ളുന്ന വാഹനങ്ങൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ പിടിച്ചെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ നടപ്പാതകൾ കയ്യേറുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. വ്യാപാരികൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുമെങ്കിലും വഴിയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ കയ്യേറ്റങ്ങൾ അനുവദിക്കില്ല. എൻ.ജി.ഓ.കളും സംഘടനകളും റോഡുകൾ ദത്തെടുത്ത് നഗരം വൃത്തിയായി സൂക്ഷിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, കാവേരി നദീജല വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുമായും നിയമ വിദഗ്ദ്ധരുമായും കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. കണാടകയിലെ ഒരു അണക്കെട്ട് ഉടൻ തന്നെ പരമാവധി സംഭരണ ശേഷിയിൽ എത്തുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തിന്റെ അണക്കെട്ടുകളിലേക്ക് നിലവിൽ സെക്കൻഡിൽ 36,000 മുതൽ 39,000 ക്യുസെക്സ് വരെ വെള്ളം ഒഴുകിയെത്തുന്നുണ്ടെന്നും നിലവിലെ സാഹചര്യം വിലയിരുത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
