ബെംഗളൂരു: ശനിയാഴ്ച നടന്ന മറ്റൊരു അപകടത്തിൽ ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന 37കാരി മരിച്ചു. നാഗരബാവി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിച്ചിട്ടും അഞ്ച് മാസത്തിനിടെ ഇത് അഞ്ചാമത്തെ അപകടമാണ് ബിബിഎംപി മാലിന്യ ട്രക്ക് മൂലം സംഭവിക്കുന്നത്.
മൂഡലപാളയയിലെ ബുവനേശ്വരി നഗർ സ്വദേശികളാണ് മരിച്ച വിജയകലയും പരിക്കേറ്റ യോഗേന്ദ്രയും(41). ചന്ദ്രാ ലേഔട്ടിലെ ഇലക്‌ട്രോണിക് ഷോറൂമിൽ സെയിൽസ് പേഴ്‌സണായി ജോലി ചെയ്യുന്ന വിജയകല ഭർത്താവിനൊപ്പം ജോലിക്ക് പോകുമ്പോൾ ബിബിഎംപിയുടെ മാലിന്യം തള്ളുന്ന ട്രക്ക് ഇവരെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ യുവതി വായുവിലേക്ക് പറന്നുയരുകയും റോഡിലേക്കു തലയിടിച്ച് വീഴുകയും തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയകല മരിച്ചു. യോഗേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അശ്രദ്ധ മൂലം മരണത്തിന് ഇടയാക്കിയതിന് ബയതരായണപുര ട്രാഫിക് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
മുൻ അപകടങ്ങൾ
മാർച്ച് 21: ഹെബ്ബാളിൽ അമിതവേഗതയിൽ വന്ന മാലിന്യ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികനും കാൽനടയാത്രക്കാരിയായ സ്ത്രീക്കും പരിക്കേറ്റ് അക്ഷ എന്ന 14 വയസുകാരി മരിച്ചു.
ഏപ്രിൽ 1: ബഗലുരുവിൽ മാലിന്യ ട്രക്ക് ഇടിച്ച് രാമയ്യ എസ് (60) മരിച്ചു.
ഏപ്രിൽ 18: മൈസൂരു റോഡിൽ മാലിന്യ ട്രക്ക് ഇടിച്ച് പത്മിനി ഡി (40) മരിച്ചു.
മേയ് 14: ചിക്കജലയിൽ പാലികെ ട്രക്ക് ബൈക്കിൽ ഇടിച്ച് ഫുഡ് ഡെലിവറി ബോയ് ദേവണ്ണ (20) മരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.