രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്, തിയ്യതി പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികളിൽ അവ്യക്തത തുടരുന്നു 

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ഥികളാരെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഭരണമുന്നണിയായ എന്‍ഡിഎയോ പ്രതിപക്ഷമോ ആരുടെയും പേര് ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല.

ടിആര്‍എസ് പോലുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഹകരിക്കാത്തതിനാല്‍ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം. എന്‍ഡിഎ സ്ഥാനാര്‍ഥിയെ നരേന്ദ്ര മോദിയും അമിത് ഷായും കൂടിയാലോചിച്ചാകും പ്രഖ്യാപിക്കുക.

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതിനാല്‍ എന്‍ഡിഎയ്ക്ക് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാകില്ല. വൈഎസ്‌ആര്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണവേണം ജയിക്കാൻ. ഇലക്ടറല്‍ കോളേജില്‍ എന്‍ഡിഎയ്ക്ക് 48.9 ശതമാനം വോട്ടുണ്ട്. പ്രതിപക്ഷ പാര്‍ടികള്‍ക്കെല്ലാമായി 51.1 ശതമാനം.

വൈഎസ്‌ആര്‍സിപിയുടെയും ബിജെഡിയുടെയും പിന്തുണ ഉറപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് മുന്നിലെത്താം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് താല്‍പ്പര്യമുണ്ടെങ്കിലും മോദിയും അമിത് ഷായും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. 2017ല്‍ കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത് ഇരുവരുടെയും നിയന്ത്രണത്തില്‍ നില്‍ക്കുമെന്നതിനാലാണ്. ഇതുവരെ ആറ് ഉപരാഷ്ട്രപതിമാര്‍ രാഷ്ട്രപതിമാരായിട്ടുണ്ട്.

തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ഛത്തിസ്ഗഢ് ഗവര്‍ണര്‍ അനസൂയ ഉയിക്കെ, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു തുടങ്ങിയ പേരുകള്‍ എന്‍ഡിഎ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകട്ടെയെന്ന് തീരുമാനിച്ചാല്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവര്‍ പരിഗണിക്കപ്പെട്ടേക്കാം. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ഇരുവരുടെയും പേര് ഉയർന്ന് കേൾക്കുന്നുണ്ട്. നിതീഷ് കുമാര്‍ അകല്‍ച്ച പാലിക്കുന്നത് എന്‍ഡിഎയ്ക്ക് പ്രതികൂല ചുറ്റുപാടാണ് ഉണ്ടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us