പ്രളയ സാധ്യത; എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷൻ അറിയിച്ചത്.

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്.

ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. വിനോദസഞ്ചാരികൾ രാത്രി യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us