ബെംഗളൂരു: ലോക്ക് ഡൗൺ ലംഘിച്ചതിൻ്റെ പേരിൽ ഇതുവരെ നഗരത്തിൽ നിന്ന് പിടിച്ചെടുത്തത് 5200 വാഹനങ്ങൾ.
ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും തത്കാലത്തേക്ക് ഉള്ള നിരോധനം കർശനമാക്കി.
ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ, അവശ്യസേവനങ്ങളുടെ വിഭാഗത്തിൽപ്പെടാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വാഹനങ്ങളുപയോഗിക്കാതെ തൊട്ടടുത്ത കടയിലേക്ക് നടന്നുപോകണം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ കാലാവധിക്കുശേഷമേ തിരിച്ചുനൽകൂവെന്നും സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ് ‘ട്വിറ്ററി’ൽ കുറിച്ചു.
നിർദേശം കർശനമായി പാലിക്കാൻ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളും കാറുകളും ലോക്ഡൗൺ ലംഘിച്ച് വ്യാപകമായി നിരത്തിലിറങ്ങിയതിനെത്തുടർന്ന് പോലീസിനെതിരേ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു.
വാഹനങ്ങളിലെത്തുന്നവർ അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നുവെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് അനുമതിയുള്ളതിനാൽ പലപ്പോഴും നടപടി സ്വീകരിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
പുതിയ നിർദേശംവന്നതോടെ പോലീസിന് ആശയക്കുഴപ്പമില്ലാതെ നടപടികളിലേക്കുനീങ്ങാൻ കഴിയും.
സാധനങ്ങൾ വാങ്ങാൻ വീടിനുതൊട്ടടുത്ത കടകളിൽമാത്രം പോവാനാണ് പുതിയ നിർദേശം. അവശ്യസർവീസുകൾക്കുള്ള പാസുള്ളവർ പോലീസിനെ നിർബന്ധമായും കാണിക്കണം.
പാസ് ദുരുപയോഗംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാലും കർശന നടപടിയുണ്ടാകും. വ്യാജപാസുകൾ ഉപയോഗിച്ച് നഗരത്തിൽ അനാവശ്യമായി ചുറ്റുക്കറങ്ങുന്ന ഒട്ടേറെ സംഭവങ്ങൾ ഇതിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
5200 വാഹനങ്ങളാണ് നഗരത്തിൽനിന്ന് ഇതുവരെ പിടിച്ചെടുത്തത്.
ഓരോ സ്റ്റേഷനിലും പ്രത്യേകം പട്രോളിങ്സംഘങ്ങൾ രൂപവത്‌കരിച്ച് വിവിധ പ്രദേശങ്ങളിൽ പരിശോധനനടത്തും.
ചെറുറോഡുകളിൽ വ്യാപകമായി വാഹനങ്ങൾ ഇറക്കുന്നതും ആളുകൾ കൂട്ടംകൂടിനിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുടെപേരിൽ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു അറിയിച്ചു.