മുൻപൊക്കെ വിവാഹം നടത്തുമ്പോള്‍ ആധി മുഴുവൻ വധുവിന്റെ വീട്ടുകാർക്കായിരുന്നു.
കെട്ടിച്ചുവിടുന്നതിനൊപ്പം നല്‍കേണ്ട തുക, സ്വർണം, സ്വത്തുകവകള്‍ എന്നിവയൊക്കെയാണ് പെൺ വീട്ടുകാരുടെ തലവേദന.
എന്നാലിപ്പോള്‍ കാലം മാറിയപ്പോള്‍ എല്ലാം നേരെ തിരിച്ചായെന്ന അവസ്ഥയാണ്.
ചെറുക്കന്റെ പേരിലുള്ള സ്വത്ത്, ബാങ്ക് ബാലൻസ് ഒക്കെയാണ് ഇപ്പോള്‍ എല്ലാവർക്കും അറിയേണ്ടത്.
ഇതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും റിപ്പോർട്ട് ചെയ്യന്നത്.
വധുവിന്‍റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം കേട്ടാല്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം.
വരന് സിബില്‍ സ്കോർ കുറവാണ് എന്ന കാരണത്താലാണത്രേ വധുവിന്‍റെ വീട്ടുകാർ വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം നടന്നത്.
വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഏതാണ്ട് പറഞ്ഞു ഉറപ്പിച്ചതിന് ശേഷമായിരുന്നു വധുവിന്‍റെ അമ്മാവന്മാരില്‍ ഒരാള്‍ വരന്‍റെ സിബില്‍ സ്കോർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
വരന് സിബില്‍ സ്കോർ വളരെ കുറവായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നും ഒന്നിലധികം വായ്പകള്‍ ഉള്ളതായും അതോടെ പുറത്ത് വന്നു.
മോശം ക്രെഡിറ്റ് ചരിത്രത്തെ സൂചിപ്പിക്കുന്നതാണ് കുറഞ്ഞ സിബില്‍ സ്കോറുകള്‍.
അതുകൊണ്ട് തന്നെ വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയില്‍ അല്ല എന്ന് വിധിയെഴുതിയ വധുവിന്‍റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവാഹത്തെ പൂർണമായും എതിർത്ത വധുവിന്‍റെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലയുന്ന പുരുഷൻ തന്‍റെ അനന്തരവള്‍ക്ക് അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെടുകയായിരുന്നു.
ഭാവിയില്‍ ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.
അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തില്‍ നിന്നും പിന്മാറി.
ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം സിബില്‍ സ്കോർ കുറഞ്ഞതിന്‍റെ പേരില്‍ ഒരാളുടെ വിവാഹം മുടങ്ങി പോകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.