നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷൻ കുറയ്ക്കുന്നതിനായി സർക്കാർ ‘ഡിജിറ്റൽ ഡിറ്റോക്സ്’ കാമ്പെയ്‌നുകളുമായി മുന്നോട്ട് പോകുമ്പോഴും, നഗരത്തിൽ അതിവേഗം വളരുന്ന സബർബൻ മേഖലകളിൽ നിന്ന് ഉയർന്നുവരുന്ന ചോദ്യം ഒന്നുമാത്രം; കുട്ടികൾ ഫോൺ മാറ്റിവെച്ചാൽ പിന്നെ എവിടെപ്പോയി കളിക്കും? ബെംഗളൂരുവിലെ പുതിയ ഐടി കോറിഡോറുകളായ വർത്തൂർ, ഇലക്ട്രോണിക്സ് സിറ്റി, മഹാദേവപുര, കെ.ആർ പുരം തുടങ്ങിയ പ്രദേശങ്ങളിൽ പൊതു കളിക്കളങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വൻകിട അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളും ടെക് പാർക്കുകളും നഗരത്തിൽ ഉയർന്നുവന്നെങ്കിലും, അതിനനുസരിച്ച് പൊതു ജനങ്ങൾക്ക് പ്രാപ്യമായ കളിക്കളങ്ങൾ ഉണ്ടായില്ല. പലയിടങ്ങളിലും വീടിന് പുറത്തെ റോഡുകളാണ് ഇപ്പോൾ കുട്ടികളുടെ കളിസ്ഥലം. പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് കുട്ടികൾ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നതും സൈക്കിൾ ചവിട്ടുന്നതും. അവശേഷിക്കുന്ന ചുരുക്കം ചില തുറസ്സായ സ്ഥലങ്ങളാകട്ടെ വൻതോതിൽ കൈയേറ്റ ഭീഷണി നേരിടുകയോ അല്ലെങ്കിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സ്വകാര്യ ടർഫുകളായി മാറിക്കഴിഞ്ഞു. മണിക്കൂറിന് വലിയ തുക ഈടാക്കുന്ന ഇത്തരം ടർഫുകൾ സാധാരണക്കാരായ കുട്ടികൾക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്.

അശാസ്ത്രീയ വികസനവും കളിസ്ഥലങ്ങളുടെ വാണിജ്യവൽക്കരണവും

നഗരത്തിന്റെ അശാസ്ത്രീയമായ വളർച്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ‘സിറ്റിസൺസ് അജണ്ട ഫോർ ബെംഗളൂരു’ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു. 1990-കളിലെ ഐടി വിപ്ലവത്തിന് ശേഷം നഗരത്തിലുണ്ടായ ഭൂരിഭാഗം വികസനവും കൃത്യമായ ആസൂത്രണമില്ലാതെയായിരുന്നു. ഭരണഘടനാ ഭേദഗതി അനുശാസിക്കുന്ന ആസൂത്രണ സംവിധാനങ്ങൾ വിസ്മരിക്കപ്പെട്ടപ്പോൾ കളിക്കളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന പൊതു സൗകര്യങ്ങളാണ് ആദ്യം ഇല്ലാതായത്.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

മുൻകാലങ്ങളിൽ അയൽപക്കത്തെ മൈതാനങ്ങളിൽ സൗജന്യമായി കളിച്ചിരുന്ന കുട്ടികൾക്ക് ഇന്ന് ഒരു മണിക്കൂർ ടർഫ് ബുക്ക് ചെയ്യാൻ 1,500 മുതൽ 2,000 രൂപ വരെ നൽകേണ്ടി വരുന്നു. ബനശങ്കരി ആറാം ഘട്ടത്തിൽ ആയിരക്കണക്കിന് ബിഡിഎ സൈറ്റുകൾ ഉണ്ടായിട്ടും ഒരു പൊതു കളിസ്ഥലം പോലുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടൂർണമെന്റുകൾ നടത്താനായി ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ പ്ലോട്ടുകൾ ജനങ്ങൾ സ്വന്തം ചെലവിൽ വൃത്തിയാക്കിയെടുക്കേണ്ട അവസ്ഥയാണ്. മധ്യവർഗ-താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്പോർട്സ് എന്നത് ഇന്ന് അന്യമാവുകയാണ്. കുട്ടികൾ അപ്പാർട്ട്‌മെന്റുകളിലെ പാർക്കിംഗ് ഏരിയകളിലും ഡ്രൈവ് വേകളിലും കളിക്കാൻ നിർബന്ധിതരാകുമ്പോൾ അവരുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും ആശങ്കാകുലരാണ്.

മറയുന്ന പാരമ്പര്യ കളികൾ

മൈതാനങ്ങൾ ഇല്ലാതായതോടെ ലഗോരി, ഖൊ-ഖൊ, കബഡി, ഗില്ലി-ദണ്ഡ, ബുഗുരി (പമ്പരം കളി), ഗോളിക്കളി, കുന്തേബില്ലെ (വട്ടക്കളി) തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ കളികളും നഗരത്തിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ ജയനഗർ, രാജാജിനഗർ, മല്ലേശ്വരം തുടങ്ങിയ പഴയ ലേഔട്ടുകൾ നിർമ്മിച്ചപ്പോൾ ഓരോ മൂന്ന് കിലോമീറ്ററിലും കളിസ്ഥലങ്ങൾ ഉറപ്പാക്കുന്ന തരത്തിലായിരുന്നു നഗരാസൂത്രണം. എന്നാൽ ഇന്നത്തെ അധികാരികൾ അയൽപക്കത്തെ ചെറിയ മൈതാനങ്ങൾക്ക് പകരം വലിയ വാണിജ്യ കായിക സമുച്ചയങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഇന്ദിരാനഗറിലെ വിക്ടറി ഗ്രൗണ്ട് പോലെയുള്ള പൊതു ഇടങ്ങൾ നവീകരണത്തിന്റെ പേരിൽ പൂട്ടിയിടുകയോ വാണിജ്യവൽക്കരിക്കുകയോ ചെയ്യുമ്പോൾ അത് സാധാരണക്കാരായ കുട്ടികളുടെ കുട്ടിക്കാലം കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ

തുറസ്സായ സ്ഥലങ്ങളുടെ അഭാവവും അമിതമായ ഫോൺ ഉപയോഗവും കുട്ടികളിൽ ഗുരുതരമായ ആരോഗ്യ-മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിംഹാൻസിലെ ‘ഷട്ട്’ (SHUT – Services for Healthy Use of Technology) ക്ലിനിക്കിൽ അമിത സാങ്കേതികവിദ്യാ ഉപയോഗത്തിന് ചികിത്സ തേടിയെത്തുന്ന 14 നും 19 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഉറക്കക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, ശാരീരിക പ്രവർത്തനങ്ങളോടുള്ള താല്പര്യക്കുറവ് എന്നിവ ഇവരിൽ പ്രകടമാണ്. കളിസ്ഥലങ്ങളുടെ അഭാവം കുട്ടികളെ കൂടുതൽ സ്ക്രീനുകളിലേക്ക് തള്ളിവിടുന്നു.

പാർക്കുകൾക്കും കളിക്കളങ്ങൾക്കുമായി മാറ്റിവെച്ച സിവിക് അമെനിറ്റി (CA) സൈറ്റുകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ കയ്യേറുകയോ പാർക്കിംഗ് ലോട്ടുകളാക്കി മാറ്റുകയോ ചെയ്യുകയാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഭൂമിയുടെ വില വർദ്ധിച്ചപ്പോൾ കമ്മ്യൂണിറ്റി ഇടങ്ങൾക്ക് പ്രാധാന്യമില്ലാതായി. എന്നാൽ, പാർക്കുകളും കളിക്കളങ്ങളും സംരക്ഷിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും മുൻകാലങ്ങളിൽ സംഭവിച്ച വീഴ്ചകൾ പരിശോധിക്കുമെന്നും ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ കളിസ്ഥലങ്ങൾ തിരിച്ചുപിടിക്കേണ്ടത് നഗരത്തിന് അടിയന്തിര ആവശ്യമായി മാറിയിരിക്കുകയാണ്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts