ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള 7.5 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈൻ പാത ഉദ്ഘാടനത്തിന് സജ്ജമായി. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയാക്കി പാതയ്ക്ക് പച്ചക്കൊടി കാണിച്ച പശ്ചാത്തലത്തിൽ, ഉദ്ഘാടനത്തിനായി തീയതി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നവംബർ ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ പിങ്ക് ലൈൻ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ തവരേക്കരെയുമായി ബന്ധിപ്പിക്കുന്ന ഈ പാത പ്രവർത്തനസജ്ജമാകുന്നതോടെ, ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ നീളം 103.6 കിലോമീറ്ററായി ഉയരും. ഇതോടെ ഡൽഹിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖലയായി നമ്മ മെട്രോ മാറും.
പുതിയ പാതയിൽ കലേന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം.ബി, ജെ.പി. നഗർ 4-ാം ഫേസ്, ജയദേവ ആശുപത്രി, തവരേക്കരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ യെല്ലോ ലൈനുമായി ബന്ധിപ്പിക്കുന്ന ജയദേവ ആശുപത്രി സ്റ്റേഷൻ നഗരത്തിലെ മൂന്നാമത്തെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനാണ്. ധാരാളം ഐ.ടി കമ്പനികളും പ്രമുഖ സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്ന ബന്നാർഘട്ട റോഡിൽ മെട്രോ എത്തുന്നതോടെ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിനെത്തുമോയെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.
