ബെംഗളൂരു: ഗാലക്സികളുടെ കേന്ദ്രത്തിലുള്ള അതിഭീമൻ ബ്ലാക്ക് ഹോളുകൾക്ക് (Supermassive Black Holes) അവയുടെ പരിധിക്ക് ഏറെ അകലെയുള്ള വാതകങ്ങളെ വരെ സ്വാധീനിക്കാനും, തൽഫലമായി നക്ഷത്ര രൂപീകരണത്തെയും ഗാലക്സികളുടെ പരിണാമത്തെയും വരെ മാറ്റിയെഴുതാനും സാധിക്കുമെന്ന് കണ്ടെത്തൽ. ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (RRI) അസിസ്റ്റന്റ് പ്രൊഫസറായ നമ്രത റോയിയുടെ നേതൃത്വത്തിൽ, അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് നിർണായകമായ ഈ നിരീക്ഷണ തെളിവുകൾ ലഭിച്ചത്.
ഗാലക്സികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലാക്ക് ഹോളുകൾ വളരെ ചെറുതാണെങ്കിലും, അവ പുറന്തള്ളുന്ന ശക്തമായ പ്ലാസ്മ പ്രവാഹങ്ങൾക്ക് (Jets) വളരെ വലിയ ദൂരത്തേക്ക് അതിതീവ്രമായ ചൂടേറിയ പദാർത്ഥങ്ങളെ എറിഞ്ഞുവിടാൻ സാധിക്കും. നൂറുകണക്കിന് ഗാലക്സികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച്, അവയ്ക്ക് ചുറ്റുമുള്ള ഹൈഡ്രജൻ വാതകത്തിന്റെ പ്രകാശം അപഗ്രഥിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഈ ബ്ലാക്ക് ഹോൾ ജെറ്റുകൾ സഞ്ചരിക്കുന്ന ദിശയിലുള്ള വാതകങ്ങളെ തീവ്രമായി ചൂടാക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഒരു ഗാലക്സിയിൽ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടണമെങ്കിൽ തണുത്ത വാതകങ്ങൾ അത്യാവശ്യമാണ്. എന്നാൽ ബ്ലാക്ക് ഹോൾ ജെറ്റുകൾ ഈ വാതകങ്ങളെ ചൂടാക്കുന്നതിലൂടെ അവ തണുക്കുന്നതും കൂട്ടംകൂടി നക്ഷത്രങ്ങളായി മാറുന്നതും തടസ്സപ്പെടുന്നു. പുതിയ നക്ഷത്രങ്ങൾ ഉണ്ടാകാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളെ ഇല്ലാതാക്കുക വഴി ഗാലക്സികളുടെ വളർച്ച മന്ദഗതിയിലാക്കാൻ ഇതിന് സാധിക്കും.
“ഒരു ഗാലക്സിയെ അപേക്ഷിച്ച് ബ്ലാക്ക് ഹോൾ വളരെ ചെറുതാണ്, എന്നാൽ നൂറുകണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറമുള്ള പ്രദേശങ്ങളെ പോലും സ്വാധീനിക്കാൻ ഇതിന് കഴിയും. ഭൂമിയിലുണ്ടാകുന്ന ഒരു ചെറിയ അഗ്നിപർവ്വത സ്ഫോടനം ചൊവ്വയിൽ പ്രത്യാഘാതം ഉണ്ടാക്കുന്നത് പോലെയാണിത്,” എന്ന് ഡോ. നമ്രത റോയ് വ്യക്തമാക്കി. ഹബിൾ സ്പേസ് ടെലിസ്കോപ്പിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ വിവരശേഖരണം നടത്താനാണ് ഗവേഷക സംഘത്തിന്റെ അടുത്ത പദ്ധതി.
