ബെംഗളൂരു : സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ, ബെംഗളൂരുവിൽനിന്നുള്ള ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ വെള്ളച്ചാട്ടത്തിൽ കാണാതായി. രാമനഗര കനക്പുരയിൽ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിലാണ് ഇവർ വീണത്. ബീദർ സ്വദേശികളായ ഷമീർ റഹ്മാൻ (29), ഭവാനി ശങ്കർ (29) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
ബെന്നാർഘട്ട റോഡിലാണ് ഇരുവരും താമസിച്ചിരുന്നത്.ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അമിത്, ശ്രീകാന്ത് എന്നീ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാൻ ശ്രമിച്ച ഷമീർ കാൽവഴുതി വീഴുകയായിരുന്നു.
തുടർന്ന് ഷമീറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവാനിയും ഒഴുകിപ്പോയതായി ചന്നപട്ടണ ഡിവൈഎസ്പി ലോകേഷ് കുമാർ പറഞ്ഞു. കനത്ത മഴയെ തുടർന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. കാവേരി നദിയും അർക്കാവതിയും സംഗമിച്ച് 10 മീറ്റർ വീതിയുള്ള പാറയിടുക്കിലൂടെ കുതിച്ചു പായുന്നതിന്റെ മാസ്മരിക കാഴ്ചയാണ് മേക്കേദാട്ടു.
നദികൾ കൂടിച്ചേരുന്ന സംഗമയ്ക്കു ശേഷം മൂന്നര കിലോമീറ്ററോളം താഴേക്ക് കുത്തിയൊഴുകുന്ന കാഴ്ച അതീവമനോഹരമാണ്.
അതിലേറെ അപകടകരവും.കാവേരി കുത്തിയൊഴുകുന്ന കാഴ്ച കാണാൻ ഉയരത്തിലുള്ള പാറക്കെട്ടിലേക്ക് വലിഞ്ഞു കയറേണ്ടതുണ്ട്. ഇതിലേക്ക് ശരിയായ വിധത്തിൽ പടിക്കെട്ടുകളോ, കയറോ ഒന്നും ലഭ്യമാക്കിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.