ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സമുണ്ടാകുന്ന 10 പ്രധാന മേഖലകളെയും തിരക്കുള്ള സമയങ്ങളിൽ അനുഭവപ്പെടുന്ന യാത്രാ സമയനഷ്ടത്തെയും കുറിച്ച് പുറത്തുവന്ന പുതിയ പഠന റിപ്പോർട്ടാണ് യാത്രാദുരിതത്തിന്റെ ആഴം വെളിപ്പെടുത്തുന്നത്. ഇതിൽ തെക്കൻ ബംഗളൂരുവിനെയും വടക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന സിൽക്ക് ബോർഡ് – ഹെബ്ബാൾ റൂട്ടാണ് ദിവസേന യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഏറ്റവും വലിയ നരകയാതന സമ്മാനിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ ബംഗളൂരുവിൽ, തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 15 കിലോമീറ്ററിനും താഴെയായി കുറയുന്നുണ്ട്. സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹൊസൂർ റോഡ്, ഔട്ടർ റിംഗ് റോഡ് (ഒ.ആർ.ആർ) വഴി എയർപോർട്ട് റോഡിലേക്ക് നീളുന്നതാണ് സിൽക്ക് ബോർഡ് – ഹെബ്ബാൾ റൂട്ട്. ബി.ടി.എം ലേഔട്ട്, എച്ച്.എസ്.ആർ ലേഔട്ട്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഒരേസമയം സിൽക്ക് ബോർഡിൽ എത്തുന്നതും മെട്രോ, ഫ്ലൈഓവർ നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുന്നു. വിമാനത്താവളത്തിലേക്കുള്ള പ്രധാന കവാടമായ ഹെബ്ബാൾ ഫ്ലൈഓവറിലെ വീതിക്കുറവും അമിത വാഹനപ്പെരുപ്പവും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
സിൽക്ക് ബോർഡിനും ഹെബ്ബാളിനും പുറമെ മരത്തഹള്ളി, കെ.ആർ പുരം ഹാങ്ങിങ് ബ്രിഡ്ജ്, ടിൻ ഫാക്ടറി, മൈസൂരു റോഡ് ജംഗ്ഷൻ, ഔട്ടർ റിംഗ് റോഡിലെ വിവിധ ഭാഗങ്ങൾ എന്നിവയാണ് ഏറ്റവും മോശം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മറ്റ് പ്രധാന മേഖലകൾ. ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് ഓരോ 10 കിലോമീറ്ററിലും 15 മുതൽ 20 മിനിറ്റ് വരെ അധിക യാത്രാസമയം വേണ്ടിവരുന്നു. ഇത് യാത്രക്കാരിൽ വലിയ മാനസികസമ്മർദ്ദവും ഭീമമായ ഇന്ധനച്ചെലവും വരുത്തിവെക്കുന്നു.
ഐ.ടി ഇടനാഴികളുടെ വേഗത്തിലുള്ള വളർച്ച, പാർപ്പിട മേഖലകളുടെ പെരുപ്പം, പൊതുഗതാഗത സൗകര്യങ്ങളുടെ പോരായ്മ എന്നിവയാണ് ഈ മേഖലകളെ സ്തംഭിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ കുത്തനെയുള്ള വർദ്ധനവും റോഡുകളുടെ വികസനമില്ലായ്മയും സ്ഥിതി ഗുരുതരമാക്കുന്നു. ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെയും ബിസിനസ് മേഖലയിലെ ചരക്കുനീക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ മണിക്കൂറുകളോളം നിരത്തിലിട്ട് എൻജിൻ പ്രവർത്തിപ്പിക്കുന്നതുകൊണ്ട് നഗരത്തിലെ വായുമലിനീകരണവും ക്രമാതീതമായി ഉയരുകയാണ്.
മെട്രോ നിർമ്മാണം വേഗത്തിലാക്കുക, ബസുകൾക്കായി പ്രത്യേക ലെയ്നുകൾ സജ്ജമാക്കുക, സിഗ്നലുകൾ കാര്യക്ഷമമാക്കുക, ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുക എന്നിവയിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വൻകിട ഗതാഗത പദ്ധതികൾ പൂർത്തിയാകുന്നത് വരെ തിരക്കുള്ള സമയങ്ങളിലെ യാത്ര ഒഴിവാക്കാനും തത്സമയ നാവിഗേഷൻ ആപ്പുകളെ ആശ്രയിക്കാനും ജോലി സമയങ്ങളിൽ മാറ്റം വരുത്താനുമാണ് നിലവിൽ അധികൃതർ യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശം.
