ബെംഗളൂരു : സീറ്റ് നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യവും കച്ചകെട്ടിയ ജയനഗറിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു സമാപിക്കും. സിറ്റിങ് എംഎൽഎ ബിജെപിയിലെ ബി.എൻ.വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നു മാറ്റിയ തിരഞ്ഞെടുപ്പ് പതിനൊന്നിനാണു നടക്കുക. വിജയകുമാറിന്റെ സഹോദരൻ ബി.എൻ.പ്രഹ്ലാദും മുൻ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ദൾ സ്ഥാനാർഥി കാലെ ഗൗഡ പത്രിക പിൻവലിച്ചിരുന്നു. 13നാണ് വോട്ടെണ്ണൽ.
അന്തരിച്ച സിറ്റിങ് എംഎൽഎ ബി.എൻ.വിജയകുമാർ 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ബിജെപി വോട്ട് തേടുന്നത്. മണ്ഡലത്തിൽ സുപരിചിതനായ അദ്ദേഹത്തിന്റെ സഹോദരനെ സ്ഥാനാർഥിയാക്കിയതിലൂടെ സഹതാപ വോട്ടുകളും പാർട്ടി ലക്ഷ്യമിടുന്നു. 104 സീറ്റോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഈ സീറ്റ് നിലനിർത്തുക അഭിമാന പ്രശ്നം കൂടിയാണ്. അതിനാൽ കേന്ദ്രമന്ത്രിമാരായ എച്ച്.എൻ.അനന്ത്കുമാർ, ഡി.വി.സദാനന്ദഗൗഡ, പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ ഉൾപ്പെടെയുള്ളവർ ബിജെപി പ്രചാരണം കൊഴുപ്പിക്കാനെത്തി. സമൂഹമാധ്യമങ്ങളിലൂടെയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
ഒരു പതിറ്റാണ്ട് മുൻപുവരെ പാർട്ടി കോട്ടയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനുറച്ച് കോൺഗ്രസും പ്രചാരണം ശക്തമാക്കി. ഒരുകാലത്തു രാമലിംഗറെഡ്ഡിയുടെ മണ്ഡലമായിരുന്ന ജയനഗറിൽ ഇത്തവണ മകളെ ഇറക്കിയതും ഈ ലക്ഷ്യത്തോടെ. രാമലിംഗറെഡ്ഡിയുടെ ജനസമ്മതിക്കു പുറമെ ഇത്തവണ ദളിന്റെ പിന്തുണയും കോൺഗ്രസിന്റെ പ്രതീക്ഷകൾക്കു തിളക്കമേകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദളിനിവിടെ 12097 വോട്ട് ലഭിച്ചിരുന്നു. ഒട്ടേറെ പ്രതിസന്ധികൾക്കിടെ കഴിഞ്ഞമാസം രാജരാജേശ്വരി നഗറിൽ നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കാനായതും കോൺഗ്രസ് ക്യാംപിൽ ആത്മവിശ്വാസം കൂട്ടുന്നു.
∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന മണ്ഡലത്തിൽ ഇതിനകം കണക്കിൽപ്പെടാത്ത 30.82 ലക്ഷം രൂപയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 14 കേസ് റജിസ്റ്റർ ചെയ്തു.
∙ ജയനഗർ മണ്ഡലം തിരഞ്ഞെടുപ്പ്: ജൂൺ 11 ഫലം: ജൂൺ 13 സ്ഥാനാർഥികൾ: 19 ആകെ വോട്ടർമാർ: 2.03 ലക്ഷം പോളിങ് ബൂത്തുകൾ: 216 പിങ്ക് പോളിങ് ബൂത്ത്: അഞ്ച്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.