ബെംഗളൂരു : പരിശുദ്ധ റമസാനിലെ അവസാന വെള്ളിയിൽ ഭക്തി നിർഭരമായി ബെംഗളൂരുവിലെ മസ്ജിദുകൾ. വ്രതത്തിലൂടെ ആർജിച്ച ചൈതന്യം ഉൾക്കൊണ്ട് ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ സജ്ജരാകണമെന്നു ജുമുഅയ്ക്കു മുന്നോടിയായി നടന്ന പ്രഭാഷണത്തിൽ ഖത്തീബുമാർ വിശ്വാസികളോട് ആവശ്യപ്പെട്ടു.
റമസാൻ വിടവാങ്ങാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകളെല്ലാം ഭക്തിപാരമ്യതയിലാണ്. ദൈവകാരുണ്യം തേടിയ ആദ്യപത്തും പാപങ്ങളിൽ നിന്നു പൊറുക്കൽ തേടിയ രണ്ടാം പത്തും കഴിഞ്ഞ് നരകമോചനത്തിനുള്ള നിരന്തര പ്രാർഥനയാണ് അവസാന പത്തിൽ വിശ്വാസികൾ നടത്തുന്നത്.
ആയിരം മാസങ്ങളേക്കാൾ വിശിഷ്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ലൈലത്തുൽ ഖദ്ർ’ റമസാനിലെ അവസാന പത്തിലെ ഒറ്റയായി വരുന്ന രാത്രികളിലൊന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി പള്ളികളിൽ ചെലവഴിക്കുന്ന വിശ്വാസികളുടെ എണ്ണവും കൂടിയിട്ടുണ്ട്. മലയാളി സംഘടനകളുടെയും മസ്ജിദുകളുടെയും നേതൃത്വത്തിൽ നഗരത്തിൽ പലയിടങ്ങളിലും ഇഫ്താർ വിരുന്നുകളും റമസാൻ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.