ബെംഗളൂരു ∙ സംസ്ഥാനത്തെ മഴക്കെടുതികളിൽ ഇന്നലെ മാത്രം നാലു മരണം. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. വെള്ളിയാഴ്ച രാത്രി ലെഗ്ഗരെയിൽ ഒഴുക്കിൽപെട്ട പുഷ്പയുടെ (22) മൃതദേഹം കുംബൽഗോഡിൽനിന്നു കണ്ടെടുത്തു. ഒപ്പം കാണാതായ അമ്മ മീനാക്ഷിക്കായി (നിങ്കവ്വ-67) തിരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) തിരച്ചിലിലാണു പുഷ്പയുടെ മൃതദേഹം കണ്ടെടുത്തത്.
മീനാക്ഷിക്കായി എൻഡിആർഎഫിനൊപ്പം അഗ്നിശമനസേനയും ബിബിഎംപി ജീവനക്കാരും സിവിൽ ഡിഫൻസും ഉൾപ്പെടെ 184 പേരടങ്ങുന്ന സംഘം തിരച്ചിൽ തുടരുകയാണെന്ന് ദൗത്യത്തിനു നേതൃത്വം നൽകുന്ന സംസ്ഥാന എമർജൻസി കോ-ഓർഡിനേറ്റർ കെ.കെ.പ്രദീപ് പറഞ്ഞു. ബൈരമംഗല, കുംബൽഗോഡ് എന്നിവിടങ്ങളിലാണു മീനാക്ഷിക്കായി തിരച്ചിൽ പുരോഗമിക്കുന്നത്.
രാമനഗരയിലെ തിമ്മസന്ദ്രയിൽ നന്ദീഷ് (40), സി.വി.രാമൻ നഗറിൽ നരസമ്മ (16) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ നരസമ്മയുടെ മൃതദേഹം കണ്ടെടുത്തു. രാമനഗരയിൽ നല്ലിഗുഡ്ഡെയിൽ രണ്ടു പേർ വട്ടത്തോണി മറിഞ്ഞ് മുങ്ങിമരിച്ചു. ഉമേഷ് (28), രവികുമാർ (19) എന്നിവരാണു മരിച്ചത്. കോലാറിലെ കനത്ത മഴയെ തുടർന്ന് ഓടയിൽനിന്നൊരു അജ്ഞാത മൃതദേഹവും കണ്ടെടുത്തു. നെലമംഗലയിൽ ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ വീടു തകർന്നു.
ബെംഗളൂരു നഗരത്തിലെ ഹൊംഗസന്ദ്ര, ബൊമ്മസന്ദ്ര, കമലാനഗർ, മാഗഡി റോഡ്, യെലഹങ്ക തുടങ്ങിയയിടങ്ങളിൽ കഴിഞ്ഞ രാത്രിയിലുടനീളം പെയ്ത കനത്ത മഴ നാശം വിതച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലായി. പുലർച്ചെ മഴ കനക്കുന്നതിനാൽ നഗരത്തിലെ മിക്ക പ്രദേശങ്ങളും കഴിഞ്ഞ മൂന്നു ദിവസമായി വെള്ളക്കെട്ടിലാണ്. 115 വർഷത്തിനിടെ നഗരത്തെ ഇത്രയേറെ വെള്ളക്കെട്ടിലാഴ്ത്തിയ മഴ പെയ്തിട്ടില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി മഴയെ തുടർന്ന് സീലിങ് ഇളകിവീണു. ഈ സീലിങ്ങിനു മുകളിലായി സ്ഥാപിച്ചിരുന്ന താൽക്കാലിക നടപ്പാലം നീക്കിയപ്പോൾ ശേഷിച്ച മണ്ണും കട്ടയും വീണതിനെ തുടർന്നാണിതെന്നാണ് ബിഎംആർസിഎല്ലിന്റെ വിശദീകരണം. മേൽക്കൂരയ്ക്ക് ബലക്കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.
നഗരത്തിലെ ഓടകൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ മഴയാണ് കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളിലായി പെയ്തിറങ്ങുന്നതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ബെംഗളൂരു നഗരത്തിൽ 850 കിലോമീറ്ററിലായി മലിനജല ഓടകൾ നവീകരിച്ചുവരികയാണെന്നും അദ്ദേഹം മൈസൂരുവിൽ വ്യക്തമാക്കി.
ഓടനവീകരണത്തിൽ മുൻ സർക്കാരുകൾ കനത്ത വീഴ്ചയാണ് വരുത്തിയതെന്ന് അദ്ദേഹം അപലപിച്ചു. ഓട കയ്യേറിയുള്ള നിർമാണങ്ങൾ ഒഴിപ്പിക്കാനോ, അവയുടെ ശേഷി വർധിപ്പിക്കാനോ മുൻ സർക്കാർ മെനക്കെട്ടിട്ടില്ല. ബെംഗളൂരുവിലെ 350 കീലോമീറ്റർ ഓട നവീകരണത്തിനായി തന്റെ സർക്കാർ ഇതിനോടകം 800 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. ബാക്കി 500 കിലോമീറ്റർ നവീകരണം അടുത്ത വർഷം ആരംഭിക്കും. ഇതോടെ മഴകാരണമുള്ള ബെംഗളൂരുവിന്റെ കെടുതികൾക്ക് അന്തിമ പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.