ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. ജയലളിതയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് ചെന്നെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. തമിഴ്നാട് ഗവര്‍ണര്‍ 10.45ന് ആശുപത്രിയിലെത്തും. മന്ത്രിസഭയിലെ പ്രമുഖരും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും ഇതിനോടകം തന്നെ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും ആശുപത്രിയിലെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില മോശമായത്തിനു പിന്നാലെ സംസ്ഥാനത്ത് എല്ലായിടത്തും സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ നവംബര്‍ 19നാണ് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്ന ജയലളിതയെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അണുബാധ ഒഴിവാക്കാനാണ് ജയലളിത ആശുപത്രിയില്‍ തന്നെ തുടര്‍ന്നത്. ശ്വാസകോശത്തിലെ അണുബാധ അന്ന് പൂര്‍ണ്ണമായി മാറിയിരുന്നു. ആരോഗ്യ നില വീണ്ടെടുക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരം 5.30ഓടെ വീണ്ടും ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ 68 കാരിയായ ജയലളിത.