ബെംഗളൂരു: കർണാടകയിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന ഇതര സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 450 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3,207 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഈ കാലയളവിൽ നികുതി ഇനത്തിൽ 41.4 കോടി രൂപയും പിഴയായി 68.6 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 42.1 കോടി രൂപ ഗതാഗത വകുപ്പ് ഈടാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ 20,875 കാറുകളിലാണ് വകുപ്പ് പരിശോധന നടത്തിയത്. ഇതിൽ ബംഗളൂരു സൗത്ത് ആർടിഒ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (432) റിപ്പോർട്ട് ചെയ്തത്. ഈസ്റ്റ് ബംഗളൂരു (413), കെ.ആർ പുരം (385) എന്നിവയാണ് തൊട്ടുപിന്നിൽ. ഏറ്റവും കൂടുതൽ നികുതി ലഭിച്ചത് സെൻട്രൽ ബംഗളൂരു ആർടിഒയിൽ നിന്നാണ് (3.7 കോടി രൂപ).
പുതുച്ചേരിയിൽ നിന്നുള്ള പുതിയ വാഹനങ്ങളും ഡൽഹിയിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങളുമാണ് കർണാടകയിൽ നികുതി അടയ്ക്കാതെ വ്യാപകമായി ഉപയോഗിക്കുന്നത്. നികുതി വെട്ടിക്കാനായി ലക്ഷ്വറി കാറുകൾ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന പ്രവണതയും വർദ്ധിച്ചുവരികയാണെന്ന് ട്രാൻസ്പോർട്ട് അഡീഷണൽ കമ്മീഷണർ എം.പി. ഓംകാരേശ്വരി പറഞ്ഞു.
ഡൽഹിയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 10-15 വർഷത്തെ സമയപരിധി കാരണം അവിടെ നിന്നുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വൻതോതിൽ കർണാടകയിലേക്ക് എത്തുന്നുണ്ട്. പിടിക്കപ്പെടുമ്പോൾ ചികിത്സയ്ക്കോ മറ്റോ താൽക്കാലികമായി വന്നതാണെന്ന് പറഞ്ഞ് ഉടമകൾ രക്ഷപ്പെടാൻ ശ്രമിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഗരത്തിന്റെ ഹൃദയഭാഗത്ത് ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള ലംബോർഗിനി കാർ അഭ്യാസപ്രകടനം നടത്തിയത് ഇത്തരം വാഹനങ്ങൾക്കെതിരെയുള്ള നടപടി ശക്തമാക്കാൻ കാരണമായി. ഏപ്രിൽ മാസം മുതൽ കൂടുതൽ പ്രത്യേക പരിശോധനകൾ (Special Drives) നടത്താനാണ് വകുപ്പിന്റെ തീരുമാനം.
കർണാടകയിൽ ഒരു വർഷത്തിൽ കൂടുതൽ കാലം തുടർച്ചയായി ഉപയോഗിക്കുന്ന വാഹനങ്ങൾ നിർബന്ധമായും സംസ്ഥാനത്ത് റീ-രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]