ബെംഗളൂരു: കർണാടകയിൽ ജനനനിരക്ക് കുറയുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വൈകിയുള്ള വിവാഹങ്ങളും പ്രസവം നീട്ടിവെക്കുന്നതുമാണ്. ഈ സാമൂഹിക മാറ്റങ്ങൾ ഇപ്പോൾ നഗരത്തിലെ ഐവിഎഫ് (IVF), ഫെർട്ടിലിറ്റി ക്ലിനിക്കുകളിലും പ്രകടമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വിവാഹവും മാതൃത്വവും നീട്ടിവെക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ ഭാവിയിൽ സ്വന്തം കുഞ്ഞ് വേണമെന്നുള്ള അവിവാഹിതരായ നിരവധി യുവതികൾ തങ്ങളുടെ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്ന ‘എഗ്ഗ് ഫ്രീസിങ്’ (Egg Freezing) രീതിയിലേക്ക് വൻതോതിൽ തിരിയുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ബനശങ്കരിയിലെ ഒരു ഐവിഎഫ് സെന്ററിന്റെ മെഡിക്കൽ ഡയറക്ടറായ ഡോ. വിദ്യ വി. ഭട്ട് വ്യക്തമാക്കുന്നത് തങ്ങളുടെ ക്ലിനിക്കിൽ ഈ ആവശ്യത്തിനായി എത്തുന്നവരിൽ ഭൂരിഭാഗവും 27-നും 40-നും ഇടയിൽ പ്രായമുള്ളവരാണെന്നാണ്. ഇതിൽ 80 ശതമാനത്തോളം പേരും അവിവാഹിതരോ പങ്കാളി ഇല്ലാത്തവരോ ആണ്. നഗരങ്ങളിൽ താമസിക്കുന്ന ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളാണ് ഇവരിൽ ഭൂരിഭാഗവും. മുൻകാലങ്ങളിൽ ക്യാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയോ റേഡിയോതെറാപ്പിയോ ചെയ്യുന്നവർക്ക് മാത്രമായി ഡോക്ടർമാർ നിർദ്ദേശിച്ചിരുന്ന ഈ രീതി, ഇന്ന് വ്യക്തിപരമായ കാരണങ്ങളാൽ (Social Egg Freezing) തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 70 മുതൽ 80 ശതമാനം വരെയായി ഉയർന്നുവെന്ന് മറ്റൊരു പ്രമുഖ ഫെർട്ടിലിറ്റി ശൃംഖലയിലെ വിദഗ്ദ്ധയായ ഡോ. പല്ലവി പ്രസാദ് പറയുന്നു. ഇതിൽ പകുതിയോളം പേർ അവിവാഹിതരും ബാക്കിയുള്ളവർ വിവാഹമോചിതരോ അല്ലെങ്കിൽ വിവാഹമോചന നടപടികളിലൂടെ കടന്നുപോകുന്നവരോ ആണ്.
സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ, വർദ്ധിച്ചുവരുന്ന ബോധവൽക്കരണം, ചില മുൻനിര കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ഫെർട്ടിലിറ്റി ആനുകൂല്യങ്ങൾ എന്നിവയാണ് ഈ വർദ്ധനവിന് കാരണമെന്ന് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റായ ഡോ. ശർവരി മുന്ഥെ അഭിപ്രായപ്പെടുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന 28-നും 35-നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികളാണ് ഇവരിൽ 70 ശതമാനവും. മുൻപൊക്കെ സുഹൃത്തുക്കളോടൊപ്പം രഹസ്യമായി വന്ന് സമ്മതപത്രം ഒപ്പിട്ടിരുന്ന അവസ്ഥയിൽ നിന്നും മാറി, ഇന്ന് മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ മക്കളുടെ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി കൗൺസിലിംഗിന് ഒപ്പം വരുന്നുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
കേവലം കരിയർ മാത്രമല്ല, അനുയോജ്യനായ ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്ന ആഗ്രഹവും പ്രായം കൂടുന്തോറും പ്രസവസാധ്യത കുറയുമെന്ന ആശങ്കയുമാണ് ഈ തീരുമാനത്തിന് പിന്നിൽ. വിദേശത്ത് ജോലിക്കായി പോകുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മുതൽ നാൽപ്പതിനോട് അടുക്കുന്ന പ്രൊഫഷണൽ നർത്തകർ വരെ ഭാവിയിൽ മാതൃത്വം എന്ന സ്വപ്നം നഷ്ടപ്പെടാതിരിക്കാൻ ഈ മാർഗ്ഗം സ്വീകരിക്കുന്നുണ്ട്. ഇരുപതുകളുടെ മധ്യത്തിലുള്ള യുവതികളിൽ അണ്ഡോത്പാദന ശേഷി കുറവാണെന്ന് പരിശോധനകളിൽ കണ്ടെത്തുമ്പോൾ, മാതാപിതാക്കൾ തന്നെ മുൻകൈയെടുത്ത് ഇവരെ എഗ്ഗ് ഫ്രീസിങ്ങിനായി കൊണ്ടുവരുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
കൂടാതെ, അമേരിക്ക, യുകെ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജരായ യുവതികൾ നാട്ടിൽ അവധിക്ക് വരുമ്പോൾ ഇവിടെയെത്തി എഗ്ഗ് ഫ്രീസിങ് ചെയ്യാറുണ്ടെന്ന് റീപ്രൊഡക്റ്റീവ് മെഡിസിൻ ക്ലസ്റ്റർ ഹെഡ് ഡോ. മേഘ്ന ന്യാപതി പറയുന്നു. വിദേശത്തെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവായതും ഭാവിയിൽ ഇന്ത്യയിലേക്ക് തന്നെ മടങ്ങിവരാൻ താല്പര്യപ്പെടുന്നതുമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഹോർമോൺ ഇഞ്ചക്ഷനുകൾക്കും മറ്റ് ചികിത്സകൾക്കുമായി 1 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഇതിന് ചെലവ് വരുന്നത്. കൂടാതെ വർഷം തോറും 15,000 മുതൽ 30,000 രൂപ വരെ ഇത് സൂക്ഷിക്കുന്നതിനായി നൽകണം. നിലവിലെ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇത്തരത്തിൽ ശീതീകരിച്ച അണ്ഡങ്ങൾ പരമാവധി 10 വർഷം വരെ സൂക്ഷിക്കാൻ സാധിക്കും. എങ്കിലും, അണ്ഡം സൂക്ഷിച്ചുവെക്കുന്നത് ഭാവിയിൽ ഗർഭധാരണത്തിന് നൂറു ശതമാനം ഗ്യാരണ്ടി നൽകുന്നില്ലെന്നും, അണ്ഡത്തിന്റെ ഗുണനിലവാരം, സ്ത്രീയുടെ പ്രായം, പുരുഷന്റെ ശുക്ലത്തിന്റെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിന്റെ വിജയമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
