ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

ബെംഗളൂരു: ബംഗളൂരുവിലെ ഡോംലൂരിൽ പുതുതായി നിർമ്മിച്ച കോൺക്രീറ്റ് (വൈറ്റ്-ടോപ്പിംഗ്) റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാരും യാത്രക്കാരും. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് വൈദ്യുതി പോസ്റ്റ് അവിടെനിന്ന് മാറ്റിസ്ഥാപിക്കുന്നതിന് പകരം, പോസ്റ്റിന് ചുറ്റുമായി റോഡ് നിർമ്മിക്കുകയാണ് കരാറുകാർ ചെയ്തത്. കൂടാതെ പോസ്റ്റിന് സമീപം ഒരു ജംഗ്ഷൻ ബോക്സ് സ്ഥാപിക്കുകയും ഇതിന് ചുറ്റുമായി ഒരു കോൺക്രീറ്റ് ഡിവൈഡർ നിർമ്മിച്ച് റോഡ് കെട്ടിയടയ്ക്കുകയും ചെയ്തു.

പ്രദേശവാസിയായ ഒരാൾ ഇതിന്റെ ചിത്രങ്ങൾ എക്സിൽ (X) പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിലവിൽ വീതി കുറഞ്ഞ ഈ റോഡിൽ, നടുവിലായി ഡിവൈഡറും പോസ്റ്റും വന്നതോടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലം വീണ്ടും കുറഞ്ഞു. ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റ് റോഡിന്റെ വശങ്ങളിലേക്ക് മാറ്റുമെന്ന് നാട്ടുകാർ കരുതിയിരുന്നപ്പോഴാണ് ഈ വിചിത്രമായ റോഡ് നിർമ്മാണം.

റോഡ് നന്നാക്കുന്നതിന് പകരം കൂടുതൽ അപകടാവസ്ഥയിലാക്കുകയാണ് അധികൃതർ ചെയ്തതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഈ വഴിയിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രികർക്ക് ഈ നിർമ്മാണം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. റോഡിന് നടുവിലുള്ള ഈ കോൺക്രീറ്റ് ഡിവൈഡറിൽ രാത്രിയിൽ തിരിച്ചറിയാൻ സഹായിക്കുന്ന റിഫ്ലക്ടറുകളോ വിളക്കുകളോ സ്ഥാപിച്ചിട്ടില്ല.

അതേസമയം, സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായി ബംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമ്മതിച്ചു. ബെസ്കോം (BESCOM) ഉദ്യോഗസ്ഥരുമായി ചേർന്ന് ചൊവ്വാഴ്ചയോടെ ഈ വൈദ്യുതി പോസ്റ്റ് ഇവിടെനിന്ന് മാറ്റുമെന്നും റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts