സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ലക്ഷക്കണക്കിന് യാത്രാക്കാർ ആശ്രയിക്കുന്ന നമ്മ മെട്രോയുടെ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ടോപ്പ്-അപ്പ്/റീചാർജ് സംവിധാനത്തിൽ സാങ്കേതിക തകരാർ. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കാർഡുകളുടെ റീചാർജ് സൗകര്യം താൽക്കാലികമായി തടസ്സപ്പെട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഔദ്യോഗികമായി അറിയിച്ചു. ഇതാദ്യമായാണ് എൻസിഎംസി കാർഡിന്റെ ടോപ്പ്-അപ്പ് സംവിധാനത്തിൽ ഇത്തരമൊരു സാങ്കേതിക പ്രശ്നം നേരിടുന്നത്.

അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് റീചാർജ് സൗകര്യം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും, സേവനം എത്രയും വേഗം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ മുൻഗണനാക്രമത്തിൽ സ്വീകരിച്ചുവരികയാണെന്നും നമ്മ മെട്രോ അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കുന്നത് വരെ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുന്ന യാത്രക്കാർ തങ്ങളുടെ യാത്രകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണമെന്ന് ബിഎംആർസിഎൽ അഭ്യർത്ഥിച്ചു. യാത്രാതടസ്സം ഒഴിവാക്കുന്നതിനായി റീചാർജ് ചെയ്യാൻ സാധിക്കാത്തവർ താൽക്കാലികമായി ക്യുആർ (QR) കോഡ് ടിക്കറ്റുകളോ ടോക്കണുകളോ വാങ്ങി യാത്ര ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

യാത്രക്കാർക്കുണ്ടായ താൽക്കാലിക അസൗകര്യത്തിൽ ബിഎംആർസിഎൽ ഖേദം പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്ഷമയ്ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നതായി വ്യക്തമാക്കിയ പബ്ലിക് റിലേഷൻസ് ഓഫീസർമാർ, റീചാർജ് സേവനം പൂർണ്ണമായും പുനഃസ്ഥാപിച്ചാലുടൻ വിവരം യാത്രക്കാരെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.

നിലവിൽ നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 55-ലധികം ട്രെയിനുകൾ ദിവസേന സർവീസ് നടത്തുന്നുണ്ട്. അടുത്തിടെ മൂന്നാം ലൈനായ യെല്ലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസാന്ദ്ര) ആരംഭിച്ച ഡ്രൈവറില്ലാ ട്രെയിനുകളിലും രണ്ടുതവണ സാങ്കേതിക തകരാറുകൾ അനുഭവപ്പെടുകയും താൽക്കാലിക ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പുറമെ ശക്തമായ മഴയിലും കാറ്റിലും മരക്കൊമ്പുകൾ ട്രാക്കിലേക്ക് വീണും മെട്രോ സർവീസുകൾക്ക് തടസ്സം നേരിടാറുണ്ട്. ഇതിനിടയിലാണ് യാത്രക്കാരെ വലച്ചുകൊണ്ട് സ്മാർട്ട് റീചാർജ് സംവിധാനത്തിലും ഇപ്പോൾ തകരാർ സംഭവിച്ചിരിക്കുന്നത്. തകരാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐടി വിഭാഗം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts