യാത്രക്കാർ നേരിടുന്ന ദുരിതത്തിന് തടയിടാൻ മഹാരാഷ്ട്ര മാതൃക റൈഡ് ബുക്കിംഗ് സ്വീകരിച്ച ശേഷം യാതൊരു കാരണവുമില്ലാതെ യാത്ര റദ്ദാക്കുന്ന ആപ്പ് ടാക്സി, ഓട്ടോ ഡ്രൈവർമാർക്കെതിരെ സാമ്പത്തിക പിഴ ചുമത്തണമെന്ന ആവശ്യവുമായി ബെംഗളൂരുവിലെ യാത്രക്കാർ രംഗത്തെത്തി. മഹാരാഷ്ട്ര സർക്കാർ അടുത്തിടെ പ്രാബല്യത്തിൽ വരുത്തിയ പുതിയ മോട്ടോർ വാഹന അഗ്രിഗേറ്റർ നയത്തിന്റെ മാതൃകയിൽ കർണാടകയിലും നിയമം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പുതിയ നയമനുസരിച്ച് ന്യായമായ കാരണങ്ങളില്ലാതെ റൈഡ് റദ്ദാക്കുന്ന ഡ്രൈവർമാർ ആകെ യാത്രാക്കൂലിയുടെ 10 ശതമാനമോ അല്ലെങ്കിൽ 100 രൂപയോ (ഏതാണോ കുറവ്) യാത്രക്കാരന് നഷ്ടപരിഹാരമായി നൽകണം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണെങ്കിൽ ഇത് യാത്രാക്കൂലിയുടെ 50 ശതമാനം വരെയായി ഉയരും.
വഴങ്ങാതെ ഡ്രൈവർമാർ; പിന്തുണച്ച് 85 ശതമാനം യാത്രക്കാർ യാത്ര ചെയ്യേണ്ട സ്ഥലം ചോദിച്ചറിഞ്ഞ ശേഷവും, ഡിജിറ്റൽ പെയ്‌മെന്റ് ആണെന്ന് അറിയുമ്പോഴും ഡ്രൈവർമാർ അവസാന നിമിഷം റൈഡ് റദ്ദാക്കുന്നത് ബെംഗളൂരുവിൽ പതിവാണ്. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ പങ്കെടുത്ത 85 ശതമാനം ബെംഗളൂരുവാസികളും ഡ്രൈവർമാർക്ക് പിഴ ചുമത്തുന്നതിനെ പൂർണ്ണമായി പിന്തുണച്ചു. എന്നാൽ ടാക്സി ആപ്പ് കമ്പനികളും ഡ്രൈവർ യൂണിയനുകളും ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. അമിതമായ ഗതാഗതക്കുരുക്കും റോഡ് പണികളും കാരണം പലപ്പോഴും യാത്രകൾ റദ്ദാക്കേണ്ടി വരാറുണ്ടെന്നും, കർണാടക സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ (എആർഡിയു) വ്യക്തമാക്കി. നിലവിൽ തുടർച്ചയായി റൈഡുകൾ റദ്ദാക്കുന്ന ഡ്രൈവർമാരുടെ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയോ ആണ് ചെയ്യുന്നതെന്ന് ആപ്പ് അധികൃതർ അറിയിച്ചു.
